പ്രദേശിക അന്തർദേശീയ വിഷയങ്ങളിൽ ഖത്തറിൻ്റെ ഇടപെടലുകൾ അഭിമാനകരം - ഡോ.മാജിദ് അൽ അൻസാരി
പ്രാദേശികമായും അന്തർദേശീയ തലത്തിലും ഖത്തർ തുടരുന്ന ഫലപ്രദമായ രാഷ്ട്രീയ ഇടപെടലുകളിൽ അഭിമാനിക്കുന്നെന്ന് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരി. രാഷ്ട്രീയ ഇച്ഛാശക്തിയിലൂടെ പ്രദേശത്തിനും ലോകത്തിനുമായി ഏറ്റവും മികച്ചത് കരസ്ഥമാക്കാൻ ഖത്തർ ശ്രമിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
‘ദോഹ ഫോറം 2024’ൽ സമകാലിക ജിയോപൊളിറ്റിക്കൽ വെല്ലുവിളികളെ നേരിടാനുള്ള നയതന്ത്ര സ്ട്രാറ്റജി എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തർക്കങ്ങളും അഭിപ്രായഭിന്നതകളും പരിഹരിക്കാനും, ലക്ഷ്യം നേടുന്നതിനായി അന്താരാഷ്ട്ര സമൂഹവുമായി ചേർന്ന് പ്രവർത്തിക്കാനാവശ്യമായ സ്ട്രാറ്റജി രൂപപ്പെടുത്തിയതായും വിദേശകാര്യ മന്ത്രാലയത്തിലെ ഔദ്യോഗിക വക്താവ് കൂടിയായ ഡോ. അൽ അൻസാരി കൂട്ടിച്ചേർത്തു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാധാനം കൈവരിക്കുന്നതിന് നിസ്തുലമായ സംഭാവനകൾ നൽകാൻ ഖത്തറിന് സാധിച്ചിട്ടുണ്ടെന്നും, സമാധാനം പുനഃസ്ഥാപിക്കുകയെന്ന ലക്ഷ്യത്തിലൂന്നി സർക്കാർ ഇതര സംഘടനകളുമായും കക്ഷികളുമായും ഖത്തർ ഇടപെടലുകൾ നടത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇറ്റാലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർനാഷനൽ പൊളിറ്റിക്കൽ സ്റ്റഡീസ് വൈസ് പ്രസിഡന്റ് അന്റോണിയോ വില്ലഫ്രാങ്ക, ദുബൈ സെന്റർ ഫോർ പബ്ലിക് പോളിസി റിസർച് ഡയറക്ടർ ജനറൽ മുഹമ്മദ് ബഹ്റൂൻ തുടങ്ങിയവർ പാനൽ ചർച്ചയിൽ പങ്കെടുത്തു. തർക്കങ്ങൾ പരിഹരിക്കുന്നതിനും അഭിപ്രായഭിന്നതകൾ നീക്കുന്നതിനുമായി മധ്യസ്ഥ കക്ഷികളായി നിലകൊള്ളുന്നതിൽ പല രാജ്യങ്ങളെയും പിന്നോട്ട് വലിക്കുന്നത് അവരുടെ ആഭ്യന്തര നയങ്ങളാണെന്നും, എന്നാൽ, ഖത്തർ ഇതിൽ നിന്നും തീർത്തും വ്യത്യസ്തമാണെന്നും മോഡറേറ്റർ സ്ഥാനം വഹിച്ച കെ.എ.എസ് മിന മേഖല മേധാവി ഡോ. തോമസ് ഫോക്ക് പറഞ്ഞു.