ഡിസംബർ 18ന് ദോഹ കോർണിഷിൽ നടത്താനിരുന്ന ഖത്തർ ദേശീയ ദിന പരേഡ് റദ്ദാക്കി. ദേശീയദിന സംഘാടക സമിതിയുടെ തീരുമാനം ഖത്തർ സാംസ്കാരിക മന്ത്രാലയമാണ് പ്രഖ്യാപിച്ചത്. ദേശീയ ദിനമായ ഡിസംബർ 18ന് ദോഹ കോർണിഷിലാണ് വിവിധ സേന വിഭാഗങ്ങളും പാരാ ട്രൂപ്പേഴ്സും ഉൾപ്പെടെ അണിനിരക്കുന്ന ദേശീയ ദിന പരേഡ് അരങ്ങേറുന്നത്. താൽക്കാലിക സ്റ്റേജ് ഉൾപ്പെടെ ഒരുക്കങ്ങൾ ദോഹ കോർണിഷിൽ നേരത്തേ ആരംഭിച്ചിരുന്നു. തയാറെടുപ്പുകൾക്കിടെയാണ് പരേഡ് റദ്ദാക്കിക്കൊണ്ടുള്ള തീരുമാനം. പരേഡ് റദ്ദാക്കാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല.
അതേസമയം ഉംസലാലിലെ ദർബ് അൽ സാഇയിലെ ദേശീയ ദിന പരിപാടികൾ തുടരും. ഓരോ ദിവസവും ആയിരങ്ങളാണ് ഇവിടെ എത്തുന്നത്. ഞായറാഴ്ച കതാറയിലും ദേശീയ ദിന പരിപാടികൾക്ക് തുടക്കം കുറിച്ചു.
തുടർച്ചയായി മൂന്നാം വർഷമാണ് ഖത്തർ ദേശീയ ദിന പരേഡ് ഒഴിവാക്കുന്നത്. 2023ൽ ഗസ്സയിലെ ഇസ്രായേൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കോർണിഷിലെ പരേഡും വെടിക്കെട്ടും ഒഴിവാക്കിയിരുന്നു. 2022ലും ലോകകപ്പ് ഫുട്ബാൾ ഫൈനൽ ദിനത്തിൽ പരേഡ് ഒഴിവാക്കിയിരുന്നു. പകരം, ലുസൈൽ ബൊളെവാഡിൽ കിരീട ജേതാക്കളുടെ വിക്ടറി മാർച്ചോടെ പരേഡ് നടക്കുകയായിരുന്നു.
ഖത്തറിന്റെ സൈനിക കരുത്തും സാംസ്കാരിക വൈവിധ്യവും പ്രദർശിപ്പിക്കുന്ന വേദിയായ ദേശീയ ദിനത്തിലെ പരേഡ് സ്വദേശികളും പ്രവാസികളും ഉൾപ്പെടെ ആയിരങ്ങളെ ആകർഷിക്കുന്ന പരിപാടിയാണ്. കരയിലും കടലിലും ആകാശത്തുമായി വർണക്കാഴ്ചകളും, സേനാ വ്യൂഹങ്ങളും കരുത്തും അഭ്യാസ പ്രകടനങ്ങളുമാണ് പരേഡിന്റെ പ്രധാന ആകർഷണം. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി നേരിട്ടെത്തിയാണ് ദേശീയ ദിനത്തിൽ പരേഡ് സല്യൂട്ട് സ്വീകരിക്കുന്നത്. ശേഷം, പൊതുജനങ്ങളെയും അമീർ അഭിവാദ്യം ചെയ്യാറുണ്ട്.