13 വർഷത്തെ ഇടവേളക്ക് ശേഷം സിറിയയിലെ ഖത്തർ നയതന്ത്ര കാര്യാലയം ചൊവ്വാഴ്ച മുതൽ പ്രവർത്തനം പുനരാരംഭിക്കും. ഖലീഫ അബ്ദുല്ല അൽ മഹ്മൂദ് അൽ ഷരീഫിനെ എംബസിയുടെ ചാർജ് ഡി അഫയേഴ്സ് ആയി നിയമിച്ചാണ് നീണ്ടകാലത്തിനുശേഷം ഡമസ്കസിലെ ഖത്തർ എംബസി വീണ്ടും പ്രവർത്തനമാരംഭിക്കുന്നത്.
പ്രസിഡന്റ് ബശ്ശാറുൽ അസദ് അധികാരത്തിൽനിന്നും പുറത്തായി രാജ്യം വിട്ടതിനു പിറകെ കഴിഞ്ഞയാഴ്ചയാണ് എംബസിയുടെ പ്രവർത്തനം പുനരാരംഭിക്കാനുള്ള തീരുമാനം ഖത്തർ വിദേശകാര്യമന്ത്രാലയം അറിയിച്ചത്. എംബസി തുറക്കുന്നതിന് മുമ്പുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാനായി ഖത്തറിന്റെ നയതന്ത്ര പ്രതിനിധി സംഘം ഞായറാഴ്ച ഡമസ്കസിലെത്തിയതായി വിദേശകാര്യവക്താവും പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവുമായ ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരി വ്യക്തമാക്കി.
സിറിയയിലെ താൽക്കാലിക ഭരണകൂടവുമായി ചർച്ച നടത്തിയതായും, ജനങ്ങളുടെ സുരക്ഷയും, സമാധാനവും, രാജ്യത്തിന്റെ വികസനവും ഉറപ്പാക്കുന്നതിൽ ഖത്തറിന്റെ പിന്തുണ വ്യക്തമാക്കിയതായും അറിയിച്ചു. 2011ൽ ആഭ്യന്തര സംഘർഷം തീവ്രമാവുകയും ഡമസ്കസിലെ ഖത്തർ എംബസിക്കുനേരെ ആക്രമണം നടക്കുകയും ചെയ്തിനു പിറകെയാണ് ഖത്തർ അംബാസഡറെ തിരിച്ചുവിളിച്ച് എംബസി പൂട്ടിയത്. 2013 മുതൽ സിറിയൻ പ്രതിപക്ഷത്തിന്റെ ആദ്യ എംബസി ദോഹയിൽ പ്രവർത്തനമാരംഭിച്ചിരുന്നു. പ്രതിപക്ഷ വിഭാഗത്തിന് അറബ് ലീഗിൽ ഇടം നൽകിയതിനു പിറകെയായിരുന്നു എംബസി തുറക്കാൻ ഖത്തർ അനുവാദം നൽകിയത്.