ഇനി തണപ്പുത്തെന്ന പോലെ ചൂടിലും നടക്കാം ; ഏറ്റവും നീളം കൂടിയ ശീതീകരിച്ച ഔട്ട്ഡോർ ട്രാക്കുമായി ഖത്തർ

Update: 2024-12-14 09:29 GMT

1,197 മീറ്റർ നീളത്തിൽ ലോകത്തിലെ ഏറ്റവും നീളം കൂടിയ ശീതീകരിച്ച ഔട്ട്ഡോർ ട്രാക്കുമായി റൗദത്ത് അൽ ഹമാമ പബ്ലിക് പാർക് മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അതിയ്യ ഉദ്ഘാടനം ചെയ്തു. ഏത് ചൂടുകാലത്തും മുടങ്ങാതെ നടക്കാനും വ്യായാമം ചെയ്യാനുമുള്ള സൗകര്യത്തോടെയാണ് റൗദത് അൽ ഹമാമ പാർക്ക് പ്രവർത്തന സജ്ജമാക്കിയത്.

പൊതുമരാമത്ത് വിഭാഗമായ അഷ്ഗലും മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ പബ്ലിക് പാർക്ക് വിഭാഗവും ചേർന്നാണ് അൽ ഖീസയിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങൾക്ക് ഏറെ പ്രയോജനം ലഭിക്കുന്ന പുതിയ പാർക്ക് സജ്ജമാക്കിയത്.

ദിവസേന 10,000 സന്ദർശകരെ വരെ ഉൾക്കൊള്ളാൻ കഴിയുന്ന പാർക്കിന് ഖത്തറിലെ ഏറ്റവും വലിയ പ്ലാന്റ് ക്ലോക്ക്, കൂടാതെ എട്ട് സർവീസ് കിയോസ്‌കുകൾ, ഓപൺ ആംഫി തിയേറ്റർ, പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേക പ്രാർത്ഥനാ സൗകര്യങ്ങൾ, ശുചിമുറികൾ എന്നിവയുമുണ്ട്.

പാർക്ക് ഉദ്ഘാടന ചടങ്ങിൽ അഷ്ഗാൽ പ്രസിഡൻറ് എഞ്ചിനീയർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ മീർ പങ്കെടുത്തു. പബ്ലിക് സർവീസസ് അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി, എൻജിനീയർ അബ്ദുല്ല അഹമ്മദ് അൽ കരാനി, പബ്ലിക് പാർക്ക് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ മുഹമ്മദ് ഇബ്രാഹിം അൽ സാദ തുടങ്ങിയവരും മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെയും അഷ്ഗലിലെയും ഉയർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.

Tags:    

Similar News