ഗൾഫ് മേഖലയിലെ സൗഹൃദ രാജ്യങ്ങളുമായുള്ള വ്യാപാര ഇടപാടിൽ റെക്കോഡ് കുതിപ്പുമായി ഖത്തർ. 2024ൽ ജി.സി.സി രാജ്യങ്ങളുമായി ഖത്തറിന്റെ വ്യാപാരത്തിൽ 63.75 ശതമാനം വർധന രേഖപ്പെടുത്തിയതായി ദേശീയ പ്ലാനിങ് കൗൺസിൽ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. അഞ്ച് ഗൾഫ് രാജ്യങ്ങളുമായി കഴിഞ്ഞ വര്‍ഷം ആദ്യ എട്ടുമാസത്തിനിടക്ക് 3513 കോടി ഖത്തര്‍ റിയാലിന്റെ വ്യാപാരമാണ് നടന്നത്. മുന്‍ വര്‍ഷം ഇത് 2145 കോടി റിയാലായിരുന്നു. യു.എ.ഇയാണ് ഏറ്റവും വലിയ വ്യാപാര പങ്കാളി. 1890 കോടി റിയാല്‍ കഴിഞ്ഞ വർഷം ആദ്യ എട്ടുമാസത്തിലെ വ്യാപാര കണക്കുകൾ. 1486 കോടി റിയാൽ കയറ്റുമതിയും, 400 കോടി റിയാൽ ഇറക്കുമതിയും ഈ വേളയിൽ രേഖപ്പെടുത്തി. പെട്രോളിയം ഉല്പന്നങ്ങളാണ് ഖത്തര്‍ പ്രധാനമായും യു.എ.ഇയിലേക്ക് കയറ്റി അയച്ചത്. കുവൈത്തും ഒമാനുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
ഈ രാജ്യങ്ങളുമായെല്ലാമുള്ള വ്യാപാര ബന്ധത്തില്‍ കയറ്റുമതിയാണ് കൂടുതല്‍. അതേസമയം ജി.സി.സിക്ക് പുറത്ത് ചൈന, ദക്ഷിണ കൊറിയ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളാണ് വ്യാപാര ബന്ധത്തില്‍ മുന്നിലുള്ളത്. ജനുവരി മുതൽ ആഗസ്റ്റ് വരെ കാലയളവിലെ റിപ്പോർട്ടാണ് എൻ.പി.സി പ്രസിദ്ധീകരിച്ചത്. ശേഷിച്ച നാലുമാസത്തെ റിപ്പോർട്ട് പുറത്തു വന്നിട്ടില്ല.