ജീവിത നിലവാര സൂചിക കണക്കാക്കുന്ന ഓൺലൈൻ ഡേറ്റബേസ് പോർട്ടലായ നംബയോ പട്ടികയിൽ മികച്ച മുന്നേറ്റവുമായി ഖത്തർ. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ഒമ്പത് സ്ഥാനം മെച്ചപ്പെടുത്തി ഖത്തർ ആദ്യപത്തിൽ ഇടം പിടിച്ചു. പുതുവർഷപ്പിറവിക്കു പിറകെ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ആഗോള തലത്തിൽ ഒമ്പതും, ഏഷ്യയിൽ രണ്ടാം സ്ഥാനത്തുമാണ് ഖത്തർ. 2024ൽ 18ആം സ്ഥാനത്തായിരുന്നു ഖത്തർ.
ഓരോ രാജ്യത്തെയും നഗരങ്ങളിലെയും വിവിധ ജീവിത നിലവാര സൂചികകളെ അടിസ്ഥാനമാക്കിയാണ് നംബയോ പട്ടിക തയാറാക്കുന്നത്. 193.3 പോയന്റ് സ്വന്തമാക്കിയാണ് ഖത്തര്‍ മുൻവർഷത്തേക്കാൾ മികച്ച സ്ഥാനത്തേക്ക് കുതിച്ചത്. കഴിഞ്ഞ തവണ 165.9 പോയന്റായിരുന്നു സ്കോർ.
അവശ്യ വസ്തുക്കൾ വാങ്ങാനുള്ള ശേഷി, മലിനീകരണം, താമസച്ചെലവ്, ജീവിതച്ചെലവ്, സുരക്ഷ, ആരോഗ്യമേഖലയുടെ ഗുണനിലവാരം, കാലാവസ്ഥ, യാത്രാ സൗകര്യം തുടങ്ങിയവയാണ് നംബയോ ജീവിത നിലവാര സൂചികയിലെ പ്രധാന മാനദണ്ഡങ്ങളായി കണക്കാക്കുന്നത്.
ഇവയിൽ ഓരോന്നിന്റെയും പ്രകടനം കണക്കിലെടുത്ത് തയാറാക്കുന്ന സൂചികയുടെ അടിസ്ഥാനത്തിൽ റാങ്കിങ് തീരുമാനിക്കും. ലക്സംബര്‍ഗാണ് പട്ടികയില്‍ ഒന്നാമത്.