ലോകത്തെ കരുത്തരായ മാരത്തൺ താരങ്ങൾ മുതൽ ഖത്തറിലെ സ്വദേശികളും പ്രവാസി മലയാളികളും ഉൾപ്പെടെ ആയിരക്കണക്കിന് ഓട്ടക്കാർ അണിനിരക്കുന്ന ദോഹ മാരത്തൺ ഒരുക്കങ്ങളുമായി സംഘാടകർ. ജനുവരി 17ന് നടക്കുന്ന ഉരീദു ദോഹ മാരത്തൺ മത്സരത്തിൽ ഇത്തവണ 15,000ത്തോളം പേർ പങ്കെടുക്കുമെന്ന് സംഘാടകസമിതി അംഗങ്ങൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 140 രാജ്യങ്ങളിൽനിന്നായാണ് പ്രഫഷനൽ-അമച്വർ ഓട്ടക്കാർ മാറ്റുരക്കാനെത്തുന്നത്.
1300 അന്താരാഷ്ട്ര ഓട്ടക്കാർ ഉൾപ്പെടെ ഇത്തവണ മത്സരിക്കുന്നതായി ഷെറാട്ടൺ ഹോട്ടലിൽ നടന്ന വാർത്തസമ്മേളനത്തിൽ അറിയിച്ചു. 42 കി.മീ. ദൈർഘ്യമുള്ള ഫുൾ മാരത്തൺ, 21 കി.മീ. ദൈർഘ്യമുള്ള ഹാഫ് മാരത്തൺ എന്നിവക്ക് പുറമെ 10 കി.മീ, അഞ്ച് കി.മീ. എന്നീ ഇനങ്ങളിലും മത്സരങ്ങളുണ്ട്.
ഫുൾ മാരത്തൺ രാവിലെ ആറിന് ആരംഭിക്കും. ഹാഫ് മാരത്തൺ 7.20നാണ് സ്റ്റാർട്ട്. 21 കി.മീ. വരെ വിഭാഗങ്ങളിൽ ഭിന്നശേഷിക്കാരായ മത്സരാർഥികൾക്ക് സൗജന്യമായി രജിസ്റ്റർചെയ്യാം. ഷെറാട്ടൺ ഹോട്ടൽ പാർക്കിൽ നിന്ന് തുടങ്ങുന്ന മാരത്തൺ ദോഹ കോർണിഷിലൂടെ ചുറ്റി, ഗ്രാൻഡ് ഹമദ് സ്ട്രീറ്റ് വഴി അൽബിദ പാർക്കും കടന്ന് തിരികെ ദോഹ കോർണിഷിലേക്ക് റൗണ്ട് ചെയ്തു വന്നാണ് റൺ പുരോഗമിക്കുന്നത്. ഹോട്ടൽ പാർക്കിൽ തന്നെയാണ് മത്സരത്തിന്റെ ഫിനിഷിങ് പോയന്റും നിശ്ചയിച്ചത്.