5.27 കോടി യാത്രക്കാർ ; വിമാന യാത്രക്കാരുടെ ആഗോള ഹബ്ബായി ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം
യാത്രക്കാരുടെയും വിമാനങ്ങളുടെയും ചരക്കു നീക്കങ്ങളുടെയും എണ്ണത്തിൽ പുതിയ റെക്കോഡുമായി ഖത്തറിന്റെ കവാടമായ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. 2024ൽ ഹമദ് വിമാനത്താവളം വഴി 5.27 കോടി പേർ യാത്ര ചെയ്തതായി പുതുവർഷപ്പിറവിക്കു പിന്നാലെ അധികൃതർ പുറത്തുവിട്ട റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മുൻ വർഷത്തേക്കാൾ 15 ശതമാനമാണ് യാത്രക്കാരുടെ എണ്ണത്തിൽ വർധന. യൂറോപ്പും അമേരിക്കയും ആഫ്രിക്കയും ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി നേരിടുള്ള യാത്രാസൗകര്യമായി മേഖലയിലെ ഏറ്റവും വലിയ ആകാശയാത്ര ഹബായി ദോഹ മാറിയതിന്റെ സാക്ഷ്യം കൂടിയാണ് യാത്രക്കാരിലെ അഭൂതപൂർവമായ വളർച്ച.
2.79 ലക്ഷം വിമാനങ്ങളാണ് ഒരു വർഷത്തിനിടെ സർവിസ് നടത്തിയത്. മുൻവർഷത്തെക്കാൾ 10 ശതമാനം വരെയാണ് വർധന. 26 ലക്ഷം ടൺ ചരക്കുകളും 4.13 കോടി യാത്രാ ബാഗും പോയവർഷത്തിൽ വിമാനത്താവളം കൈകാര്യം ചെയ്തു. യഥാക്രമം 12 ശതമാനം, 10 ശതമാനം എന്നിങ്ങനെയാണ് മുൻവർഷത്തെ അപേക്ഷിച്ചുള്ള വർധന. എയർപോർട്ട് കൗൺസിൽ ഇന്റർനാഷനൽ (എ.സി.ഐ) എയർപോർട്ട് ഇൻഡസ്ട്രി കണക്ടിവിറ്റി റിപ്പോർട്ടിൽ മധ്യപൂർവേഷ്യയിൽ ഏറ്റവും കൂടുതൽ കണക്ഷൻ സൗകര്യമുള്ള വിമാനത്താവളമായി ഹമദിനെ തിരഞ്ഞെടുത്തതായി വാർഷിക റിപ്പോർട്ട് സൂചിപ്പിച്ചു. കഴിഞ്ഞ വർഷം പ്രതിമാസങ്ങളിലെ യാത്രക്കാരുടെ പോക്കുവരവിലും വൻവർധനയാണ് ഹമദ് വിമാനത്താവളം കുറിച്ചത്. ഓരോ മാസവും 40 ലക്ഷം യാത്രക്കാർ വിമാനത്താവളം വഴി വിവിധ ലക്ഷ്യസ്ഥാനങ്ങളിലേക്ക് കടന്നു പോകുന്നു. ലോകത്തെ വിവിധ രാജ്യങ്ങളിലേക്കുള്ള അന്താരാഷ്ട്ര യാത്രികരിൽ വലിയൊരു പങ്കും ദോഹ വഴി സഞ്ചരിക്കുന്നുവെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. പ്രാദേശിക യാത്രയിലും 16 ശതമാനം വർധനയുണ്ടായി. ഖത്തറിലേക്ക് വന്ന് പോകുന്നവരും വിനോദ സഞ്ചരികളും ഉൾപ്പെടെയുള്ളവരുടെ എണ്ണത്തിലാണ് ഈ വർധന. 1.20 കോടിയാണ് പോയന്റ് ടു പോയന്റ് യാത്രക്കാർ.
55 എയർലൈൻ കമ്പനികൾ വഴി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ 197 നഗരങ്ങളിലേക്ക് ഹമദ് വിമാനത്താവളത്തിൽ നിന്ന് നേരിട്ട് വിമാന സർവിസുകളുണ്ട്. ചൈന സതേൺ എയർലൈൻ, ഷെൻഷെൻ എയർലൈൻ, ജപ്പാൻ എയർലൈൻ, ഗരുഡ ഇന്തോനേഷ്യ, ആകാശ എയർ എന്നിവ കഴിഞ്ഞ വർഷം പുതുതായി ദോഹയിൽനിന്നും സർവിസ് ആരംഭിച്ചവയാണ്. ഒസാക, ഹാംബർഗ്, ലിസ്ബൺ, ടൊറന്റോ തുടങ്ങിയ നഗരങ്ങളിലേക്ക് ഖത്തർ എയർവേസും നേരിട്ട് സർവിസ് ആരംഭിച്ചു. ഏറ്റവും കൂടുതൽ യാത്രക്കാരെന്ന റെക്കോഡ് ചൈനക്കാണ്. 87 ശതമാനമാണ് ചൈനയിലേക്കുള്ള അന്താരാഷ്ട്ര യാത്രികരുടെ വർധന. മറ്റു ഏഷ്യൻ രാജ്യങ്ങളായ ഇന്തോനേഷ്യ, മലേഷ്യ, വിയറ്റ്നാം എന്നിവിടങ്ങളിലേക്കും കാര്യമായ വളർച്ച രേഖപ്പെടുത്തി. ബ്രിട്ടൻ, ജർമനി, സ്പെയിൻ, ഫ്രാൻസ് എന്നിവയുൾപ്പെടെ യൂറോപ്യൻ നഗരങ്ങളിലേക്കും യാത്രക്കാരുടെ എണ്ണത്തിൽ ക്രമാനുഗതമായ വളർച്ചയുണ്ട്. കണക്ടിവിറ്റി, വാണിജ്യം, വിനോദ സഞ്ചാരം എന്നിവയിൽ ഖത്തറിനെ ആഗോള കേന്ദ്രമാക്കുകയെന്ന ലക്ഷ്യം യാഥാർഥ്യമാവുന്നതാണ് റെക്കോഡ് കുതിപ്പ് സാക്ഷ്യപ്പെടുത്തുന്നതെന്ന് ഹമദ് വിമാനത്താവളം സി.ഒ.ഒ ഹമദ് അലി അൽ ഖാതിർ പറഞ്ഞു. വിമാനത്താവള പ്രവർത്തനം, ഏറ്റവും മികച്ച സേവനം, അത്യാധുനികവും സുരക്ഷ മികവുമുള്ള സൗകര്യങ്ങൾ എന്നിവയിലൂടെ യാത്രക്കാരുടെ ഇഷ്ട ഇടമായി മാറിയെന്നും അദ്ദേഹം വിശദീകരിച്ചു.
ശൈത്യകാല സീസണിന്റെ തുടക്കമായ നവംബർ, ഡിസംബർ മാസങ്ങളിൽ 2022 ലോകകപ്പ് കാലത്തേക്കാൾ സഞ്ചാരികളുടെ എണ്ണം വർധിച്ചതായും അദ്ദേഹം പറഞ്ഞു. ഖത്തറിന്റെ ആഗോള കവാടമായി ഹമദ് വിമാനത്താവളം പ്രവർത്തനമാരംഭിച്ചതിന്റെ പത്താം വാർഷികം കൂടിയായിരുന്നു 2024.