ഖത്തർ എയർവേസിന്റെ സ്വകാര്യ ആഡംബര വിമാനശ്രേണിയായ ഖത്തർ എക്സിക്യൂട്ടിവിലേക്ക് രണ്ട് ഗൾഫ് സ്ട്രീം ജി700 വിമാനങ്ങൾ കൂടിയെത്തി. ഇതോടെ ഖത്തർ എക്സിക്യൂട്ടിവിന്റെ ആകെ എയർക്രാഫ്റ്റുകളുടെ എണ്ണം 24 ആയി ഉയർന്നു. നേരത്തേ ബുക്ക് ചെയ്തതു പ്രകാരം ഗൾഫ് സ്ട്രീം ജി700 നാല് വിമാനങ്ങൾ അടുത്ത രണ്ടു വർഷത്തിനുള്ളിൽ എത്തുമെന്നും അധികൃതർ അറിയിച്ചു. ഇതോടെ എക്സിക്യൂട്ടിവിലെ ഗൾഫ് സ്ട്രീം വിമാനങ്ങളുടെ എണ്ണം പത്തായി ഉയരും.
കഴിഞ്ഞ വർഷം മേയ് മാസത്തിലാണ് ആകാശക്കൊട്ടാരമായ ഗൾഫ് സ്ട്രീം ഖത്തർ എക്സിക്യൂട്ടിവിന്റെ പ്രീമിയ ബിസിനസ് ജെറ്റ് ശൃംഖലയിൽ ഭാഗമായത്. ആദ്യ രണ്ടു വിമാനങ്ങളും പിന്നാലെ രണ്ടെണ്ണം കൂടി ചേർന്നു.
വേഗത്തിലും വിദൂരതയിലും സഞ്ചരിക്കാൻ ശേഷിയുള്ള വിമാനം എന്ന പ്രത്യേകതയും അൾട്രാ ലോങ് റേഞ്ച് ബിസിനസ് ജെറ്റായ ഗൾഫ് സ്ട്രീമിനുണ്ട്. സ്വകാര്യ വിമാന യാത്രയുടെ ഭാവിയെ തന്നെ മാറ്റിമറിക്കുന്ന ഒന്നായാണ് വ്യോമ മേഖലയിലുള്ളവർ ഗൾഫ് സ്ട്രീം രൂപകൽപനയെ വിശേഷിപ്പിക്കുന്നത്. ഡിസൈൻ, സാങ്കേതികവിദ്യ, ആഡംബരസൗകര്യങ്ങൾ എന്നിവ ഗംഭീരമായ യാത്രാനുഭവം പകരുന്നതാണ്.