വാഹന ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി ഖത്തർ വാണിജ്യ,വ്യവസായ മന്ത്രാലയം. ആവശ്യക്കാർക്ക് ഇനി ഖത്തറിലെ ഡീലർമാരെ കാത്തിരിക്കാതെ വിദേശങ്ങളിൽനിന്ന് ഇഷ്ടമുള്ള വാഹനങ്ങൾ നേരിട്ട് ഇറക്കുമതി ചെയ്യാമെന്ന് മന്ത്രാലയം പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു. അതേസമയം, ഡീലർമാരിൽ നിന്നുള്ള വാറന്റി നിർബന്ധമായിരിക്കും.
വിൽപനാനന്തര സേവനങ്ങൾ ഉറപ്പാക്കുന്നതായിരിക്കണം ഡീലർമാരിൽ നിന്നുള്ള വാറന്റികൾ. ഗൾഫ് സ്റ്റാൻഡേഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കണം വാഹനം ഖത്തറിലേക്ക് ഇറക്കുമതി ചെയ്യേണ്ടത്. ലെഫ്റ്റ് സൈഡ് ഡ്രൈവിങ് ഉൾപ്പെടെ ഗൾഫ് സ്റ്റാൻഡേഡ് വാഹനങ്ങളാണ് ഈ ഗണത്തിൽപെടുന്നത്.
വാഹന നിർമാതാക്കൾ ഉറപ്പുനൽകുന്ന എല്ലാ വാറന്റി വ്യവസ്ഥകളും ഇവിടേക്ക് ഇറക്കുമതി ചെയ്യുന്ന വാഹനത്തിന് ഡീലർമാർ നൽകണം. വാഹനം സംബന്ധിച്ച വാറന്റിക്ക് പുറമെ, ആവശ്യമായ സ്പെയർപാർട്സുകളും, അറ്റകുറ്റപ്പണിയും ഉറപ്പാക്കലും ഡീലറുടെ ഉത്തരവാദിത്തമാണ്. സമയബന്ധിതമായി ഇവ ലഭ്യമല്ലെങ്കിൽ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ആവശ്യമായ നടപടി ഉറപ്പാക്കുകയും വേണം. കാലതാമസമില്ലാതെ തന്നെ വാഹനഡീലർമാർ സ്പെയർപാർട്സുകളും അറ്റകുറ്റപ്പണിയും ഇറക്കുമതിചെയ്ത വാഹനത്തിന്റെ ഉടമക്ക് നൽകണമെന്നും മന്ത്രാലയം പുറത്തിറക്കിയ സർക്കുലറിൽ നിർദേശിച്ചു.
ഖത്തറിലെ വിപണിയിൽ ലഭ്യമല്ലാത്ത വാഹനങ്ങൾ പ്രദേശിക ഡീലർമാരെ കാത്തിരിക്കാതെ വിദേശങ്ങളിൽനിന്നും ഇറക്കുമതി ചെയ്ത് ഉപയോഗിക്കാൻ വാഹന ഉടമകൾക്ക് സൗകര്യമൊരുക്കുന്നതാണ് പുതിയ നിയമം. വിദേശങ്ങളിൽ ഉപയോഗിക്കുന്ന വാഹനങ്ങളും മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഇതുവഴി ഖത്തറിലേക്ക് ഇറക്കുമതി ചെയ്യാം. ഇതുസംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾക്ക് 16001 എന്ന നമ്പറിൽ വാണിജ്യമന്ത്രാലയത്തിൽ ബന്ധപ്പെടാവുന്നതാണ്.