സിറിയയിലെ സമീപകാല സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നതായി ഖത്തർ. പ്രസിഡന്റ് ബശ്ശാറുൽ അസദിനെ പുറത്താക്കി നിയന്ത്രണം ഏറ്റെടുത്തതിനു പിന്നാലെ ജനങ്ങളുടെ സുരക്ഷയും, സർക്കാർ സ്ഥാപനങ്ങളുടെയും സംവിധാനങ്ങളുടെയും പ്രവർത്തനതുടർച്ചയും ഉറപ്പാക്കിയ പ്രതിപക്ഷ സേനയുടെ നടപടി സ്വാഗതാർഹമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവും പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവുമായ ഡോ. മാജിദ് അൽ അൻസാരി വ്യക്തമാക്കി.
സിറിയൻ ജനതക്ക് സ്വാതന്ത്ര്യവും നീതിയും സമാധാനവും ഉറപ്പാക്കുന്നതിൽ ഈ പ്രവർത്തനങ്ങൾ ശ്രദ്ധേയമായ ചുവടുവെപ്പാണെന്ന് അദ്ദേഹം പറഞ്ഞു. പതിറ്റാണ്ടുകളായി അടിച്ചമർത്തപ്പെട്ട സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടി എണ്ണമറ്റ ത്യാഗങ്ങൾ സഹിച്ച സിറിയൻ ജനതയുടെ ഐതിഹാസിക മുന്നേറ്റം അന്താരാഷ്ട്ര തലത്തിലെ അംഗീകാരവും പിന്തണയും അർഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
സിറിയൻ ജനതയുടെയും മേഖലയുടെയും സുരക്ഷ ഉറപ്പാക്കി സമാധാനപരവും സുസ്ഥിരവുമായ രാഷ്ട്രീയ കൈമാറ്റം സാധ്യമാക്കണം. അറബ് മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും പങ്കാളികളുമായി ചേർന്ന് സിറിയയുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കാൻ ഖത്തർ ആശയവിനിമയം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.