ഖത്തറും ബ്രിട്ടനും തമ്മിലെ നയതന്ത്ര സൗഹൃദവും വ്യാപാര, വാണിജ്യ ബന്ധവും ശക്തമാക്കി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ബ്രിട്ടീഷ് പര്യടനം. രണ്ടു ദിവസങ്ങളിലായി നടന്ന സന്ദർശനത്തിനിടെ വെസ്റ്റ്മിനിസ്റ്റർ പാലസിലെ ബ്രിട്ടീഷ് പാർലമെന്റിലെത്തിയ അമീർ ഗസ്സയിലെ ഇസ്രായേൽ അധിനിവേശവും ആക്രമണങ്ങളും സൃഷ്ടിക്കുന്ന മാനുഷിക പ്രത്യാഘാതങ്ങളും ഉന്നയിച്ചു.
യുദ്ധം തുടങ്ങിയ ആദ്യ ദിനം മുതൽ വെടിനിർത്തലിനായി ഖത്തർ നടത്തിയ ശ്രമങ്ങളും മധ്യസ്ഥ ദൗത്യങ്ങളും പരാമർശിച്ചുകൊണ്ടായിരുന്നു അമീർ പാർലമെന്റിൽ സംസാരിച്ചത്. ബന്ദികളുടെ മോചനം സാധ്യമാക്കാനും, ഗസ്സയിലേക്ക് സഹായമെത്തിക്കാനുള്ള മാനുഷിക ഇടനാഴി തീർക്കാനും ഖത്തർ പരിശ്രമിച്ചതായും അമീർ ചൂണ്ടിക്കാണിച്ചു.
‘പൂർണമായും നാമാവശേഷമായ ഗസ്സയിൽ സമാധാനം സാധ്യമാക്കാൻ കൂടുതൽ ശക്തമായ നടപടികളും ഇടപെടലുകളും ആവശ്യമാണ്. പരമാധികാര ഫലസ്തീൻ രാഷ്ട്രം സ്ഥാപിച്ച്, ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ മാത്രമേ പ്രശ്നം ശാശ്വതമായി അവസാനിപ്പിക്കാനും മേഖലയിൽ സമാധാനവും അഭിവൃദ്ധിയും കൈവരിക്കാനും കഴിയൂ’ -അമീർ വ്യക്തമാക്കി. ഗസ്സയിൽ വെടിനിർത്തലിനുള്ള ഖത്തറിന്റെ പരിശ്രമങ്ങളെ ചാൾസ് രാജാവും അഭിനന്ദിച്ചു. ലണ്ടനിലെ തന്റെ പഠനകാലം ഓർത്തെടുത്തുകൊണ്ടായിരുന്നു അമീർ സംസാരിച്ചത്.
ഷെർബോൺ സ്കൂളിലെയും സാൻഡ്റസ്റ്റ് റോയൽ മിലിട്ടറി അക്കാദമിയിലെയും പഠനവും പരിശീലനവും ഉൾപ്പെടെയുള്ള കാലം ഓർത്തെടുത്ത അമീർ, സൗഹൃദങ്ങൾ സ്ഥാപിക്കാനും, പിന്നീട് ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം ശക്തമാക്കാനും ഇത് വഴിയൊരുക്കിയെന്നും അനുസ്മരിച്ചു. ഖത്തർ അമിരി എയർഫോഴ്സുമായി ചേർന്ന് നടത്തിയ ഖത്തർ -യു.കെ ടൈഫൂൺ സ്ക്വാഡ്രൺ സേനാ പരിശീലനം ലോകകപ്പ് ഫുട്ബാൾ വേളയിൽ ആകാശ സുരക്ഷയിൽ നിർണായക പങ്കു വഹിച്ചതായും അമീർ ചൂണ്ടിക്കാണിച്ചു.
ഖത്തറും ബ്രിട്ടനും തമ്മിലെ സൈനിക, പ്രതിരോധ, സുരക്ഷ സഹകരണം ശക്തിപ്പെടുത്താനും വിവിധ മേഖലകളിലെ സഹകരണത്തിനും ഈ സന്ദർശനം വഴിയൊരുക്കിയതായും അമീർ പറഞ്ഞു. ഹൗസ് ഓഫ് കോമൺ സ്പീക്കർ ലിൻഡ്സെ ഹോയൽ, സ്പീക്കർ ലോർഡ് മക്ഫാൽ എന്നിവരും പങ്കെടുത്തു. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനിയും ഉന്നത സംഘവും അമീറിനെ സന്ദർശനത്തിൽ അനുഗമിച്ചു.