ഹയ്യ കാർഡ് ഉടമകൾക്ക് ഖത്തർ സർക്കാർ ആശുപത്രികളിൽ ആരോഗ്യസേവനങ്ങൾ സൗജന്യം

Update: 2022-11-05 11:13 GMT


ദോഹ : ലോകകപ്പ് ടിക്കറ്റെടുത്ത ഹയാ കാർഡ് ഉടമകൾക്ക് രാജ്യത്തെ സർക്കാർ ആശുപത്രികളിൽ ആരോഗ്യ സേവനങ്ങൾ സൗജന്യമാണ് ഖത്തർ അറിയിച്ചു. രാജ്യത്തെ സ്വകാര്യ ആശുപത്രികളിലും മെഡിക്കൽ സെന്ററുകളിലും ആരാധകർക്ക് സേവനം തേടാം. ആരാധകർ ഖത്തറിൽ താമസിക്കുന്നത് എത്ര ദിവസമാണോ അത്രയും ദിവസത്തേക്കുള്ള ആരോഗ്യ ഇൻഷുറൻസ് എടുക്കണമെന്നും അധികൃതർ ശുപാർശ ചെയ്യുന്നുണ്ട്.ആരാധകർക്ക് ആരോഗ്യ സേവനങ്ങൾ തേടാൻ ഹെൽത്ത്‌ലൈൻ നമ്പറും സജ്ജമാണ്.

രാജ്യത്തെത്തുന്ന ലോകകപ്പ് ആരാധകർക്ക് സൗകര്യമൊരുക്കുന്നതിൽ യാതൊരു കുറവും വരുത്താൻ ഖത്തർ തയ്യാറല്ല. അടിയന്തരഘട്ടത്തിൽ ആംബുലൻസ് സേവനവും ലഭ്യമാണ്. ലോകകപ്പ് ആരാധകർക്ക് സ്വാഗതമേകി ഖത്തറിന്റെ യാത്രാ, പ്രവേശന, കോവിഡ് പരിശോധനാ നയങ്ങളും ഭേദഗതി ചെയ്തിട്ടുണ്ട്. ഖത്തറിലേക്കുള്ള യാത്രയ്ക്ക് മുൻപ് കോവിഡ് പരിശോധന ആവശ്യമില്ല. ഇഹ്‌തെറാസ് പ്രീ-റജിസ്‌ട്രേഷനും, ഹോട്ടൽ ക്വാറന്റീനും ആവശ്യമില്ല.അതേസമയം ആരോഗ്യ സംരക്ഷണം മുൻ നിർത്തി യാത്രയ്ക്ക് മുൻപായി കോവിഡ് വാക്‌സിനേഷൻ പൂർത്തിയാക്കണമെന്നും ശൈത്യകാലമായതിനാൽ പകർച്ചപ്പനി പ്രതിരോധ കുത്തിവയ്പ് എടുക്കുന്നതും ഉചിതമായിരിക്കുമെന്നു പൊതുജനാരോഗ്യ മന്ത്രാലയം ശുപാർശ ചെയ്യുന്നുണ്ട്. രാജ്യത്ത് എത്തുന്ന ഹയ്യ കാർഡ് ഉടമകൾക്ക് നിരവധി ആരോഗ്യ സേവനങ്ങളാണ് ഖത്തർ നൽകുന്നത്.ആരോഗ്യ സേവനങ്ങൾ സംബന്ധിച്ച അന്വേഷണങ്ങൾക്കായി

16000 എന്ന ഹെൽത്ത്‌ ലൈൻ നമ്പറിൽ ബന്ധപ്പെടാം .ഇംഗ്ലിഷ്, അറബിക്, സ്പാനിഷ്, ഫ്രഞ്ച്, പോർച്ചുഗീസ് ഭാഷകളിൽ വിവരങ്ങൾ ലഭിക്കും. കൂടാതെ അടിയന്തര സാഹചര്യത്തിൽ ആംബുലൻസ് സേവനം തേടാൻ 999 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.ഫിഫ ഫാൻ ഗൈഡ് , ഹയാ ടു ഖത്തർ 2022 ആപ്പ്, ∙പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ https://sportandhealth.moph.gov.qa/EN/Pages/default.aspx എന്ന വെബ്‌സൈറ്റ്    സന്ദർശിക്കാം. കൂടാതെ സമൂഹമാധ്യമങ്ങൾ, പ്രിന്റ് മീഡിയ, മീഡിയ അഭിമുഖങ്ങൾ എന്നിവയിലൂടെയും വിവരങ്ങൾ അറിയാം.

ഒരുപാട് ആളുകൾ ഒന്നിച്ചെത്തുന്ന സന്ദർഭത്തിൽ ആരോഗ്യ പ്രശ്നങ്ങളും മറ്റും സംഭവിച്ചാൽ കൃത്യമായി സംരക്ഷണം ലഭിക്കത്തക്ക രീതിയിൽ ക്രമീകരങ്ങൾ ഖത്തർ ആരോഗ്യമന്ത്രാലയം ഒരുക്കിയിട്ടുണ്ട്.

ആരോഗ്യ സംരക്ഷണ ക്രമീകരണങ്ങൾ

∙സ്റ്റേഡിയങ്ങൾ, ഫാൻ സോണുകൾ, പ്രധാന താമസ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലായി നൂറിലധികം ക്ലിനിക്കുകൾ

∙അടിയന്തര പരിചരണത്തിനായി 4 സർക്കാർ ആശുപത്രികൾ. വാക്ക്-ഇൻ സേവനം.

∙ഹയാ കാർഡ് ഉടമകൾക്ക് എല്ലാ സർക്കാർ ആശുപത്രികളിലും അത്യാഹിത, അടിയന്തര ആരോഗ്യ പരിചരണം സൗജന്യം.

∙8 സ്‌റ്റേഡിയങ്ങളിലും കളിക്കാർക്കായി 2 ഫീൽഡ് ഓഫ് പ്ലേ ടീമുകൾ, 2 ആംബുലൻസുകൾ. 1 ക്രിട്ടിക്കൽ കെയർ പാരാമെഡിക്കൽ സംഘം, 1 മെഡിക്കൽ ക്ലിനിക്ക് എന്നിവ വീതമാണുള്ളത്.

∙8 സ്‌റ്റേഡിയങ്ങളിലുമായി ആകെ 80 ക്ലിനിക്കുകൾ. 64 ആംബുലൻസുകൾ.

∙ലുസെയ്ൽ സ്‌റ്റേഡിയത്തിൽ മൊത്തം 13 ക്ലിനിക്കുകൾ. എമർജൻസി വിഭാഗത്തിൽ 31 മൊബൈൽ മെഡിക്കൽ ടീം (2 ക്രിട്ടിക്കൽ കെയർ ടീം, 29 ഫസ്റ്റ് റെസ്‌പോൺസ് ടീം). 8 ആംബുലൻസുകൾ

∙അൽ ബെയ്ത് സ്‌റ്റേഡിയത്തിൽ 11 ക്ലിനിക്കുകൾ. എമർജൻസി വിഭാഗത്തിൽ 24 മൊബൈൽ മെഡിക്കൽ ടീമുകൾ (2 ക്രിട്ടിക്കൽ കെയർ ടീം, 22 ഫസ്റ്റ് റസ്‌പോൺസ് ടീമുകൾ). 8 ആംബുലൻസുകൾ.

∙ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിൽ 10 ക്ലിനിക്കുകൾ. 20 മൊബൈൽ മെഡിക്കൽ ടീമുകൾ (2 ക്രിട്ടിക്കൽ കെയർ ടീമുകൾ, 18 ഫസ്റ്റ്റസ്‌പോൺസ് ടീമുകൾ). 8 ആംബുലൻസ്.

∙സ്റ്റേഡിയം 974 ൽ 9 ക്ലിനിക്കുകൾ. 16 മൊബൈൽ മെഡിക്കൽ ടീമുകൾ (2 ക്രിട്ടിക്കൽ കെയർ ടീമുകൾ, 14 ഫസ്റ്റ് റസ്‌പോൺസ് ടീമുകൾ). 8 ആംബുലൻസ്.

∙അൽ തുമാമ സ്റ്റേഡിയത്തിൽ 9 ക്ലിനിക്കുകൾ. 16 മൊബൈൽ മെഡിക്കൽ ടീമുകൾ (2 ക്രിട്ടിക്കൽ കെയർ ടീമുകൾ, 14 ഫസ്റ്റ് റസ്‌പോൺസ് ടീമുകൾ). 8 ആംബുലൻസുകൾ.

∙എജ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ ആകെ 12 ക്ലിനിക്കുകൾ. 16 മൊബൈൽ മെഡിക്കൽ ടീമുകൾ (2 ക്രിട്ടിക്കൽ കെയർ ടീമുകൾ, 14 ഫസ്റ്റ് റസ്‌പോൺസ് ടീമുകൾ). 8 ആംബുലൻസുകൾ.

∙അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ 8 ക്ലിനിക്കുകൾ. 16 മൊബൈൽ മെഡിക്കൽ ടീമുകൾ (2 ക്രിട്ടിക്കൽ കെയർ ടീമുകൾ, 14 ഫസ്റ്റ് റസ്‌പോൺസ് ടീമുകൾ). 8 ആംബുലൻസുകൾ.

∙അൽ ജനൗബ് സ്റ്റേഡിയത്തിൽ 8 ക്ലിനിക്കുകൾ. 16 മൊബൈൽ മെഡിക്കൽ ടീമുകൾ (2 ക്രിട്ടിക്കൽ കെയർ ടീമുകൾ, 14 ഫസ്റ്റ് റസ്‌പോൺസ് ടീമുകൾ). 8 ആംബുലൻസുകൾ.

ഫാൻ ആക്ടിവേഷൻ കേന്ദ്രങ്ങളിൽ

∙ദോഹ കോർണിഷിൽ എമർജൻസി വിഭാഗത്തിൽ 3 ക്രിട്ടിക്കൽ കെയർ ടീമുകൾ, 43 ഫസ്റ്റ് റസ്‌പോൺസ് ടീമുകൾ ഉൾപ്പെടെ 46 മൊബൈൽ മെഡിക്കൽ ടീമുകൾ. 6 ആംബുലൻസുകൾ. 3 അർജന്റ് കെയർ ക്ലിനിക്കുകൾ (ഫിഫ ഫാൻ ഫെസ്റ്റിവൽ് ക്ലിനിക്കിന്റെ സേവനവും ലഭിക്കും)

∙അൽബിദ പാർക്കിലെ ഫിഫ ഫാൻ ഫെസ്റ്റിവൽ വേദിയിൽ 2 ക്രിട്ടിക്കൽ കെയർ ടീമുകൾ, 16 ഫസ്റ്റ് റസ്‌പോൺസ് ടീമുകൾ ഉൾപ്പെടെ 18 മൊബൈൽ മെഡിക്കൽ ടീമുകൾ. 3 ആംബുലൻസുകൾ. 1 അർജന്റ് കെയർ ക്ലിനിക്കുകൾ. 3 ഫസ്റ്റ് എയ്ഡ് ടെന്റുകൾ.


Similar News