ദോഹ : ജനസംഖ്യയിൽ കുഞ്ഞൻ രാജ്യങ്ങളുടെ പട്ടികയിൽ വരുന്ന ഖത്തർ വികസനത്തിൽ വമ്പൻ സ്രാവാണ്. ലോകകപ്പ് ആതിഥേയ രാജ്യമായി ഖത്തറിനെ തിരഞ്ഞെടുക്കുമ്പോൾ കേട്ട മുറുമുറുപ്പുകളോട് രാജ്യം മറുപടി പറഞ്ഞിരിക്കുന്നത് ലോകകപ്പുമായി ബന്ധപ്പെട്ട ഖത്തർ ഒരുക്കിയ ഞെട്ടിക്കുന്ന വികസന സൗകര്യങ്ങളോടെയാണ്. രാജ്യത്തിൻറെ പകുതിയോളംപോന്ന ജനസംഖ്യയെ ഈ ലോകകപ്പിൽ ഖത്തറിന് സ്വീകരിക്കേണ്ടിവരും. എന്നാൽ പുഷ്പം പോലെയാണ് ഖത്തർ ഇതിനെ നേരിടുന്നതെന്ന് ലോകകപ്പുമായി ബന്ധപ്പെട്ട് രാജ്യം ഒരുക്കിയ സൗകര്യങ്ങളിൽ നിന്ന് വ്യക്തമാണ്.
ആധുനികതയും പൈതൃകവും കോർത്തിണക്കി പുതിയ മുഖം നൽകിയതോടെ ലോകകപ്പിലെ പ്രധാന ആകർഷണ കേന്ദ്രങ്ങളിലൊന്നായി ദോഹ തുറമുഖം മാറും. അത്യാധുനിക സൗകര്യങ്ങളും പുത്തൻ കാഴ്ചകളുമായി ഒരു ചെറു നഗരത്തിന്റെ രൂപത്തിലും ശൈലിയിലും ആരെയും ആകർഷിക്കുന്ന തരത്തിലാണ് ദോഹ തുറമുഖത്തിന്റെ അടിമുടി മാറ്റം.
സഞ്ചാരികളുമായി ആഡംബര കപ്പലുകൾ നങ്കൂരമിടുന്നത് ഇവിടെയാണ്. കോർണിഷിലേക്കുള്ള പ്രവേശന നടപടികൾ പോലെ ഫ്‌ളോട്ടിങ് ഹോട്ടലുകളിലെയും കപ്പലുകളിലെയും ജീവനക്കാർ മുതൽ അതിഥികൾക്ക് വരെ പ്രവേശനത്തിന് ഹയാ കാർഡ് നിർബന്ധമാണ്. ഖത്തറിന്റെ വാസ്തുശൈലി പ്രകടമാക്കുന്നതാണു തുറമുഖത്തിന്റെ രൂപമാറ്റം. 4 വർഷത്തെ നിർമാണത്തിലൂടെയാണ് രാജ്യത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായും ആഡംബര കപ്പലുകൾക്കുള്ള മറീനയായും തുറമുഖത്തെ മാറ്റിയത്.
ചരക്കുകളുടെ ഇറക്കുമതി, കയറ്റുമതിയുമായി ഏറ്റവും തിരക്കേറിയ തുറമുഖമായിരുന്നു ദോഹ തുറമുഖം. ഖത്തറിന്റെ സമുദ്ര വ്യാപാരത്തിന് ആക്കം കൂട്ടി പുതിയ ഹമദ് തുറമുഖം തുറന്നതോടെയാണ് ഇവിടുത്തെ കാർഗോ പ്രവർത്തനങ്ങൾ അവിടേക്ക് മാറ്റിയത്.വരും ദിനങ്ങളിൽ ദോഹ തുറമുഖത്ത് സഞ്ചാരികളുടെ തിരക്കേറും.
ഇവയ്‌ക്കെല്ലാം പുറമെ ഓടാനും നടക്കാനുമായി 5 കിലോമീറ്റർ പാത, 5 കിലോമീറ്റർ സൈക്കിൾ പാത, പൂന്തോട്ടങ്ങൾ എന്നിവയും ഇവിടെയുണ്ട്. 8 ലക്ഷം ചതുരശ്രമീറ്ററിലാണ് തുറമുഖം. വർഷത്തിൽ 3 ലക്ഷം സഞ്ചാരികളെ സ്വീകരിക്കാൻ ശേഷിയുള്ളതാണ് പ്രധാന ടെർമിനൽ. ഈ മാസം 15 വരെ തുറമുഖം ഏരിയ വൈകിട്ട് 4.00 മുതൽ രാത്രി 10 വരെയാണ് പ്രവർത്തനം. ലോകകപ്പ് മത്സരങ്ങൾക്ക് മുൻപായി ഔദ്യോഗിക ഉദ്ഘാടനം കഴിയുന്നതോടെ പ്രവർത്തനം വൈകിട്ട് 4.00 മുതൽ പിറ്റേന്ന് പുലർച്ചെ 2.00 വരെ നീട്ടും. തുറമുഖത്തെ എല്ലാ വിൽപനശാലകളും വാടകയ്ക്കാണു പ്രവർത്തിക്കുന്നത്.
ചെറിയ യാച്ചുകൾ, ഫ്‌ളോട്ടിങ് ഹോട്ടലുകൾ ആയി പ്രവർത്തിക്കുന്ന തടികൊണ്ടു നിർമിച്ച 30 ബോട്ടുകൾ, വ്യക്തിഗത കപ്പലുകളും യാട്ടുകളും എന്നിങ്ങനെ 3 വിഭാഗങ്ങളിലായാണ് യാട്ടുകൾ സ്വീകരിക്കുന്നത്. 50 നും 160 മീറ്ററിനും ഇടയിലുള്ള വലിയ യാട്ടുകൾക്കായി 50 പാർക്കിങ് സ്ഥലങ്ങളുണ്ട് .12,000 പേർക്ക് താമസിക്കാൻ സൗകര്യമുള്ള എംഎസ്‌സിയുടെ 3 ക്രൂസ് ഷിപ്പുകളും ഇവിടെയാണ് നങ്കൂരമിടുക. 10, 14, 18 തീയതികളിലായാണ് കപ്പലുകളുടെ വരവ്.
തുറമുഖത്ത് നിന്ന് ഏകദേശം 8 കിലോമീറ്റർ അകലെയാണ് ലോകകപ്പ് കാർണിവൽ വേദിയായ ദോഹ കോർണിഷ്. കപ്പലുകളിൽ താമസിക്കുന്ന ആരാധകർക്ക് പ്രധാന കേന്ദ്രമായ സൂഖ് വാഖിഫിലേയ്ക്ക് പോകാൻ സൗജന്യ ഷട്ടിൽ ബസുകളുമുണ്ട്. തുറമുഖത്ത് നിന്ന് ഖത്തർ നാഷനൽ മ്യൂസിയത്തിന് സമീപത്തെ മെട്രോ സ്‌റ്റേഷനിലേക്ക് പോകാൻ 500 മീറ്റർ ആണ് ദൂരം കോർണിഷിനോടും ലോകകപ്പ് വേദികളിലൊന്നായ 974 സ്റ്റേഡിയത്തോടു ചേർന്നാണ് തുറമുഖം എന്നതിനാൽ ലോകകപ്പ് ആരാധകർക്ക് പുത്തൻ അനുഭവങ്ങളാകും ലഭിക്കുക.
തുറമുഖത്തോട് ചേർന്ന് 50ലധികം കഫേകൾ, റസ്റ്ററന്റുകൾ, 100 വിൽപന ശാലകൾ, 150 ഹോട്ടൽ അപാർട്‌മെന്റുകൾ, ഫ്‌ളോട്ടിങ് ഹോട്ടലുകൾ, 30 മുറികളുള്ള പ്രധാന ഹോട്ടൽ, ജലകായിക ഇനങ്ങൾക്കുള്ള സൗകര്യങ്ങൾ, ഐസ്-വിൽപനശാലകൾ, ഫ്‌ളോട്ടിങ് സൂപ്പർമാർക്കറ്റ്, ഫ്‌ളോട്ടിങ് ഗ്യാസ് സ്‌റ്റേഷൻ എന്നിവയാണ് തുറമുഖത്തെ പ്രധാന ആകർഷണങ്ങൾഖത്തർ.