ഒമാനിലെ ടാക്സികൾ ലൈസൻസുള്ള സ്മാർട്ട് ആപ്ലിക്കേഷനുകളിൽ രജിസ്റ്റർ ചെയ്യണം
ഒമാനിലെ എല്ലാ വെള്ള, ഓറഞ്ച് ടാക്സികളും ലൈസൻസുള്ള സ്മാർട്ട് ആപ്ലിക്കേഷനുകളിൽ ഏപ്രിൽ ആദ്യത്തോടെ രജിസ്റ്റർ ചെയ്യണമെന്ന് ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയം (എം.ടി.സി.ഐ.ടി) അറിയിച്ചു.
സുൽത്താനേറ്റിലെ പൊതുഗതാഗത സേവനങ്ങൾ നിയന്ത്രിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള മന്ത്രാലയത്തിന്റെ തന്ത്രപരമായ പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം.
ഈ മാറ്റം സുഗമമാക്കുന്നതിന്, ഈ വർഷത്തെ ആദ്യ പാദത്തിൽ ടാക്സി ഓപറേറ്റർമാരുടെ ഉപയോഗത്തിനായി ആപ്ലിക്കേഷൻ ലഭ്യമാക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ഇത് പൂർണമായി നടപ്പിലാക്കുന്നതിന് മുമ്പ് ഡ്രൈവർമാർക്കും ഓപറേറ്റർമാർക്കും സിസ്റ്റവുമായി പരിചയപ്പെടാൻ മതിയായ സമയം അനുവദിച്ചു. നിയന്ത്രണവും മേൽനോട്ടവും വർധിപ്പിക്കുന്നതിനൊപ്പം യാത്രക്കാർക്ക് കൂടുതൽ സൗകര്യവും കാര്യക്ഷമതയും ഉറപ്പാക്കി ഒമാന്റെ ഗതാഗത മേഖലയെ നവീകരിക്കുന്നതിനുള്ള മന്ത്രലായത്തിന്റെസുപ്രധാനമായ നീക്കമാണ് ഇതിന് പിന്നിൽ.
പൊതുനിരത്തുകളിൽ ഓടുന്ന ഓറഞ്ച്, വെള്ള നിറത്തിലുള്ള ടാക്സികളുടെ സേവനം ആപ് അധിഷ്ടിത കമ്പനികളിലൂടെ ആയിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു . ഒമാനിൽ ടാക്സി സേവനങ്ങൾ നിയന്ത്രിക്കുന്നതിനുള്ള ഗതാഗതവാർത്തവിനിമയ മന്ത്രാലയത്തിന്റെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായാണ് ഈ നിർദ്ദേശം. ഒമാൻ ടാക്സി, ഒടാക്സി, മർഹബ, ഹല, തസ്ലീം എന്നിവയാണ് മന്ത്രാലയം ലിസ്റ്റ് ചെയ്ത ലൈസൻസുള്ള കമ്പനികൾ.