പരീക്ഷണാത്മക റോക്കറ്റായ ദുകം-1ന്റെ വിജയത്തിന്റെ അടിസ്ഥാനത്തിൽ ഈ വർഷം മൂന്ന് റോക്കറ്റുകൾ കൂടി വിക്ഷേപിക്കാൻ ഒമാൻ ഒരുങ്ങുന്നു.ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയത്തിലെ ഡയറക്ടർ ജനറലും നാഷണൽ സ്പേസ് പ്രോഗ്രാം മേധാവിയുമായ ഡോ. സൗദ് അൽ ഷോയ്ലി ആണ് പ്രാദേശിക മാധ്യമത്തോട് ഇക്കാര്യം വ്യക്തമാക്കിയത്. ശാസ്ത്ര ഗവേഷണത്തെ പിന്തുണക്കുന്നതിനും ബഹിരാകാശ പര്യവേക്ഷണത്തിൽ ഞങ്ങളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് വരാനിരിക്കുന്ന വിക്ഷേപണങ്ങളെന്ന് അദ്ദേഹം പറഞ്ഞു.
പാരിസ്ഥിതിക പഠനം, ആശയവിനിമയം, ബഹിരാകാശ സാങ്കേതികവിദ്യ എന്നിവയിൽ ഗവേഷണം പുരോഗമിക്കുന്നതിലൂടെ ആഗോള ശാസ്ത്ര സമൂഹത്തിന് ഒമാന്റെ സംഭാവന വർധിപ്പിക്കുകയാണ് ദൗത്യങ്ങളിലൂടെ ലക്ഷ്യമിടുന്നത്. വിക്ഷേപണങ്ങൾ ബഹിരാകാശ സാങ്കേതികവിദ്യകളിൽ നൂതനത്വം വളർത്തുന്നതിനൊപ്പം ആഗോള ബഹിരാകാശ വ്യവസായത്തിലെ ഒരു പ്രധാനിയെന്ന നിലയിൽ സുൽത്താനേറ്റിന്റെ പ്രശസ്തി ഉയർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.