തലസ്ഥാന നഗരിക്ക് ആഘോഷരാവുകൾ സമ്മാനിച്ച് നടക്കുന്ന മസ്കത്ത് നൈറ്റ്സ് ഫെസ്റ്റിവൽ സന്ദർശകരുടെ മനംകവരുന്നു. തുടങ്ങി ഒരാഴ്ചക്കം 2,50,000 ആളുകളാണ് ഫെസ്റ്റിവലിന്റെ വിവിധ വേദികളിലായി എത്തിയത്. എല്ലാ പ്രായക്കാർക്കും ആസ്വദിക്കാവുന്ന തരത്തിലാണ് പരിപാടികൾ ആസത്രണം ചെയ്തിരിക്കുന്നത്. അതുകൊണ്ടുന്നെ കുടുംബവുമായിട്ടാണ് ഇത്തരം ആഘോഷരാവുകളിലേക്ക് സ്വദേശികളും വിദേശികളും എത്തുന്നത്. എല്ലാ ദിവസവും വൈകുന്നേരം നാലു മുതല്‍ രാത്രി 11 വരെയാണ് മസ്കത്ത് നൈറ്റ്സ് അനുബന്ധ പരിപാടികള്‍.
വാരാന്ത്യ ദിവസങ്ങളില്‍ കൂടുതല്‍ സമയം വിനോദപരിപാടികള്‍ അരങ്ങേറും. ഖുറം നാച്ചുറൽ പാർക്ക്, അമീറാത്ത് പബ്ലിക് പാർക്ക്, അൽ നസീം പബ്ലിക് പാർക്ക്, ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ, ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്റർ, അൽ ഹെയിൽ ബീച്ച്, വാദി അൽ ഖൗദ്, കൂടാതെ നിരവധി സാംസ്കാരിക കേന്ദ്രങ്ങൾ എന്നിവയുൾപ്പെടെ നിരവധി സ്ഥലങ്ങളിലാണ് ഈ വർഷത്തെ പരിപാടികൾ നടക്കുന്നത്.
അറേബ്യൻ ഗൾഫ് കപ്പ് മത്സരങ്ങൾ കാണാനായി വിവിധ വേദികളിൽ ബിഗ് സ്ക്രീനും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന ഒമാൻ-സൗദി മത്സരങ്ങൾ കാണാനായി അമീറാത്ത് പബ്ലിക് പാർക്കിൽ നൂറുകണക്കിനാളുകളാണ് എത്തിയത്. വാരാന്ത്യദിനങ്ങളിലാണ് ഫെസ്റ്റിവൽ വേദിയിൽ കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്.