വാടക കരാര്‍ സേവനങ്ങള്‍ ‘ഒമാന്‍ ബിസിനസ് പ്ലാറ്റ്ഫോമിൽ’ ഇനി ലഭ്യമാകും. മസ്കത്ത് ഗവര്‍ണര്‍ സയ്യിദ് സഊദ് ഹിലാല്‍ അല്‍ ബുസൈദിയുടെ കാര്‍മികത്വത്തില്‍ ലോഞ്ചിങ് നടന്നു. മസ്കത്ത് മുനിസിപ്പാലിറ്റിയും വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയവും സഹകരിച്ചാണ് 'ലീസ് കോണ്‍ട്രാക്ട് സര്‍വിസ്' ഒമാന്‍ ബിസിനസ് പ്ലാറ്റ്ഫോമിൽ ലഭ്യമാക്കിയത്. രാജ്യത്തെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിനായുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഒമാന്‍ ബിസിനസ് പ്ലാറ്റ്ഫോമില്‍ വാടക കരാര്‍ സേവനങ്ങള്‍ ആരംഭിച്ചതെന്ന് മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. സാലിഹ് സഈദ് മസാന് പറഞ്ഞു. 48 സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്ന ഒമാന്‍ ബിസിനസ് പ്ലാറ്റ്ഫോം വ്യത്യസ്തങ്ങളായ സേവനങ്ങളാണ് നല്‍കിവരുന്നത്. ഇതില്‍ 32 എണ്ണം ഫീല്‍ഡ് ഡേറ്റകളുമായും 14 എണ്ണം ലൈസന്‍സിങ് സംവിധാനങ്ങളുമായും ബന്ധപ്പെട്ട് കിടക്കുന്നതാണെന്നും ഡോ. സാലിഹ് സഈദ് മസാന് പറഞ്ഞു.നഗരസഭയുടെ ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെയുള്ള വാണിജ്യ വാടക കരാറുകളുടെ രജിസ്ട്രേഷന്, പുതുക്കല്‍, ഭേദഗതി എന്നീ സേവനങ്ങൾ ജനുവരി നാല് മുതൽ നിര്‍ത്തലാക്കിയിരുന്നു. ഇനി ഈ സേവനങ്ങള്‍ ഒമാന്‍ ബിസിനസ് പ്ലാറ്റ്ഫോമിലാണ് ലഭ്യമാവുക. ഒമാന്‍ ബിസിനസ് പ്ലാറ്റ്ഫോം വഴി രജിസ്ട്രേഷന് നടപടികള്‍ ഡിജിറ്റല്‍ വത്കരിക്കുന്നതിലൂടെ കെട്ടിട ഉടമയും ഉപയോക്താവും തമ്മിലുള്ള ഇടപാടുകള്‍ സുഗമമാകും.
നഗരസഭ ഓഫിസുകള്‍ നേരിട്ട് സന്ദര്‍ശിക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാവുകയും ചെയ്യും. ഇലക്ട്രോണിക് സര്‍ട്ടിഫൈഡ് ലീസ് കരാറുകള്‍ ജുഡീഷ്യല്‍ ബോഡികള്‍ ഉള്‍പ്പെടെ വിവിധ അധികാരികള്‍ ഔദ്യോഗിക രേഖകളായി പരിഗണിക്കും.