രാജ്യത്ത് വ്യാപാര സ്ഥാപനങ്ങളിൽ പ്ലാസ്റ്റിക് സഞ്ചിക്ക് ഏർപ്പെടുത്തിയ നിരോധനം ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. രാജ്യത്ത് 2027ഓടെ പ്ലാസ്റ്റിക് സഞ്ചികൾ പൂർണമായും ഒഴിവാക്കാൻ ലക്ഷ്യമിട്ടാണ് അധികൃതർ പ്രവർത്തിക്കുന്നത്. ഇതിന്റെ ഭാഗമായുള്ള രണ്ടാം ഘട്ടത്തിനാണ് ഇന്ന് തുടക്കമായിരിക്കുന്നത്. തുണിത്തരങ്ങൾ, ടെക്സ്റ്റൈൽസ് വസ്ത്രങ്ങൾ, ഇവയുടെ മറ്റ് സ്റ്റോറുകൾ, തയ്യൽ കടകൾ, കണ്ണട കടകൾ, മൊബൈൽ ഫോൺ വിൽപന, ഇവയുടെ അറ്റകുറ്റപ്പണിക്കുള്ള സ്റ്റോറുകൾ, വാച്ചുകൾ വിൽക്കുകയും പരിപാലിക്കുകയും ചെയ്യുന്ന കടകൾ, ഫർണിച്ചറുകൾ, വീട്ടുപകരണങ്ങൾ എന്നിവ വിൽക്കുന്ന സ്റ്റോറുകൾ എന്നിവയിലാണ് പ്ലാസ്റ്റിക് സഞ്ചികൾക്ക് നിരോധനം വന്നിട്ടുള്ളത്.
ജനുവരി ഒന്നുമുതൽ വ്യാപാര സ്ഥാപനങ്ങളിൽ പ്ലാസ്റ്റിക് സഞ്ചി നിരോധിക്കാനിരിക്കെ ബോധവത്കരണ കാമ്പയിൻ പരിസ്ഥിതി അതോറിറ്റി അധികൃതർ നടത്തിയിരുന്നു. പൊതുജനങ്ങളെ ബോധവത്കരിക്കാനും പുനരുപയോഗിക്കാവുന്ന ബാഗുകൾ ഉൾപ്പെടെയുള്ള പരിസ്ഥിതി സൗഹൃദ ബദലുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനുമാണ് കാമ്പയിനിലൂടെ ഉദ്ദേശിച്ചിരുന്നത്. ഉപഭോക്താക്കളെ പുതിയ മാറ്റത്തിലേക്ക് സഹായിക്കുന്നതിനായി വിവിധ കടകളിൽ പരിസ്ഥിതി സൗഹൃദ ബാഗുകൾ വിതരണം ചെയ്തു. പ്ലാസ്റ്റിക് മാലിന്യം കുറക്കുകയും പരിസ്ഥിതി സംരക്ഷണവുമാണ് നിരോധനത്തിലൂടെ ലക്ഷ്യമിടുന്നത്.