ഒമാനിന്റെ സസ്യവൈവിധ്യങ്ങളെയും ജൈവ പാരമ്പര്യത്തെയും ലോകത്തിന് മുന്നിൽ കാഴ്ചവെക്കുന്ന ഒമാൻ ബോട്ടാണിക് ഗാർഡൻ ഈ വർഷം നാടിന് സമർപ്പിക്കും. നിർമാണം 90 ശതമാനത്തോളം പൂർത്തിയായിട്ടുണ്ട്. തലസ്ഥാന നഗരമായ മസ്കത്തിൽ നിന്ന് 35 കിലോമീറ്റർ അകലെയുള്ള സീബ് വിലായത്തിലെ അൽ ഖൂദിൽ 423 ഹെക്ടറിൽ മലനിരകൾക്കും വാദികൾക്കും ഇടയിലായാണ് ബോട്ടാണിക് ഗാർഡൻ ഒരുങ്ങുന്നത്. 700ഓളം എൻജിനീയർമാരുടെ നേതൃത്വത്തിലാണ് നിർമാണം പുരോഗമിക്കുന്നത്.
ഒമാനിന്റെ സസ്യ വൈവിധ്യങ്ങൾക്ക് സുസ്ഥിര ഭാവി ഒരുക്കുന്നതിനൊപ്പം ജൈവ സമ്പത്ത് കാത്തുസൂക്ഷിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും ലക്ഷ്യമിട്ടാണ് ബൊട്ടാണിക് ഗാർഡൻ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ഒമാനിന്റെ തനത് സസ്യവൈവിധ്യങ്ങളെ കണ്ടെത്തി കൃഷി ചെയ്ത് സംരക്ഷിക്കുന്നതും അതുവഴി വിനോദസഞ്ചാരികളെ ആകർഷിക്കുന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. അഞ്ച് ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഒമാൻ ബൊട്ടാണിക് ഗാർഡനിൽ അഞ്ച് പ്രധാന കെട്ടിടങ്ങളുണ്ട്. ദോഫാർ പർവതനിരകളുടെ ഹരിതഗൃഹം (ഗ്രീൻ ഹൗസ്), വാഹന പാർക്കിങ് കെട്ടിടം, പുനരുപയോഗ ഊർജ കേന്ദ്രം, പരിസ്ഥിതി കേന്ദ്രം, സന്ദർശക കേന്ദ്രം, വി.ഐ.പി കെട്ടിടം എന്നിവ ഇതിൽ പ്രധാനപ്പെട്ടതാണ്.
860 മീറ്റർ നീളമുള്ള കേബിൾ കാർ ലൈനുകൾ ഏകദേശം പൂർത്തിയായി. ഇത് സന്ദർശകരെ അഞ്ച് മിനിറ്റിനുള്ളിൽ ഗാർഡനിലൂടെ സഞ്ചരിച്ച് കാഴ്ചകൾ കാണാൻ പ്രാപ്തരാക്കും. ഏകദേശം 500 പാർക്കിങ് സ്ഥലങ്ങളും ഒരുക്കിയിട്ടുണ്ട്. അതിന്റെ നിർമാണവും പൂർത്തിയായി. ഹാജർ പർവതനിരകളുടെ ഹരിതഗൃഹത്തെയും ദോഫാർ പർവതനിരകളുടെ ഹരിതഗൃഹത്തെയും ബന്ധിപ്പിക്കുന്ന താൽക്കാലിക കാൽനട പാലവും ഗാർഡനിലുണ്ടാകും. പരിസ്ഥിതി വൈവിധ്യവും ഒമാന്റെ പ്രകൃതി പൈതൃക സംരക്ഷണവും സമന്വയിപ്പിക്കുന്ന വേറിട്ട അനുഭവമായിരിക്കും ബൊട്ടണിക് ഗാർഡൻ എന്ന് അധികൃതർ പറഞ്ഞു.