കുവൈത്തിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ദേശീയ അസംബ്ലി പിരിച്ച് വിട്ട് കുവൈത്ത് അമീർ ; ഭരണഘടനയുടെ ചില ആർട്ടിക്കുകൾ നാല് വർഷത്തേക്ക് റദ്ദാക്കനും ഉത്തരവ്

Update: 2024-05-12 10:12 GMT

കുവൈത്തിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ദേശീയ അസംബ്ലി അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് പിരിച്ചുവിട്ടു. ഭരണഘടനയുടെ ചില ആർട്ടിക്കിളുകൾ നാല് വർഷത്തേക്ക് റദ്ദാക്കാനും അമീർ ഉത്തരവിട്ടു. വെള്ളിയാഴ്ച രാത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് അമീർ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ദേശീയ അസംബ്ലിയിലെ ചില അംഗങ്ങൾ നിശബ്ദത പാലിക്കാൻ കഴിയാത്തവിധം പ്രവർത്തിച്ചു. എം.പിമാർ ജനാധിപത്യത്തെയും ദേശീയ അസംബ്ലിയെയും ദുരുപയോഗം ചെയ്യുന്നതായും, രാജ്യത്തെ നശിപ്പിക്കാൻ ജനാധിപത്യത്തെ ചൂഷണം ചെയ്യാൻ അനുവദിക്കില്ലെന്നും അമീർ വ്യക്തമാക്കി. എല്ലാത്തിനും ഉപരിയായി കുവൈത്തികളുടെ താൽപ്പര്യം സംരക്ഷിക്കേണ്ടതുണ്ടെന്നും അമീർ ഊന്നിപ്പറഞ്ഞു.

ഏപ്രിൽ നാലിനാണ് രാജ്യത്ത് ദേശീയ അസംബ്ലിയിലേക്കുള്ള അവസാന തെരഞ്ഞെടുപ്പ് നടന്നത്. എന്നാൽ എം.പിമാരുടെ ദേശീയ അസംബ്ലിയിലെ സത്യപ്രതിജഞ നടന്നിട്ടില്ല. അതിനിടെയാണ് അസംബ്ലി പിരിച്ചുവിടുന്നത്. 1976-ലെ അഞ്ച് വർഷത്തെ സസ്പെൻഷനും 1986-ൽ ആറ് വർഷത്തെ സസ്പെൻഷനും ശേഷം ഇത് മൂന്നാം തവണയാണ് രാജ്യത്തിന്റെ ഭരണഘടനയിലെ ചില ആർടിക്കിളുകൾ താൽക്കാലികമായി റദ്ദാക്കുന്നതെന്ന് പ്രാദേശിക മാധ്യമമായ കുവൈത്ത് ടൈംസ് റിപ്പോർട്ടു ചെയ്തു.

ഭരണഘടന സംവിധാനവും പാർലമെന്ററി ജനാധിപത്യവും നിലവിലുള്ള ആദ്യത്തെ ഗൾഫ് രാജ്യമാണ് കുവൈത്ത്. തെരഞ്ഞെടുക്കപ്പെട്ട എം.പിമാർക്ക് നിയമനിർമാണത്തിൽ നിർണായക സ്വാധീനവുമുണ്ട്. എന്നാൽ സർക്കാറും ദേശീയ അസംബ്ലിയും തമ്മിലുള്ള തുടർച്ചയായ ഏകോപനമില്ലായ്മ പല തവണ ദേശീയ അസംബ്ലിയുടെ പിരിച്ചുവിടലിലേക്കു നയിച്ചിട്ടുണ്ട്. കഴിഞ്ഞ 15 വർഷത്തിനിടയിൽ, കുറഞ്ഞത് 10 തവണയെങ്കിലും ദേശീയ അസംബ്ലി പിരിച്ചുവിടുകയോ അസാധുവാക്കുകയോ ചെയ്തിട്ടുണ്ട്. അത്രയും തെരഞ്ഞെടുപ്പുകളും നടന്നു. കഴിഞ്ഞ നാല് വർഷത്തിനിടെ നാല് പാർലമെന്റ് തെരഞ്ഞെടുപ്പുകൾ നടക്കുകയും ഡസൻ കണക്കിന് സർക്കാറുകൾ രാജിവെക്കുകയും രൂപവത്ക്കരിക്കുകയും ചെയ്തു.

Tags:    

Similar News