കുവൈത്തിൽ കാലാവസ്ഥ മാറ്റം ; കനത്ത തണുപ്പ് തുടരുന്നു , വിവിധ പ്രദേശങ്ങളിൽ മഴ ലഭിച്ചു
രാജ്യത്ത് കാലാവസ്ഥ മാറ്റം. തിങ്കളാഴ്ച രാത്രി രാജ്യത്താകമാനം മഴ ലഭിച്ചു. ചൊവ്വാഴ്ച കനത്ത തണുപ്പിനൊപ്പം പലയിടത്തും ചിതറിയ മഴയും എത്തി. മഴ ബുധനാഴ്ച രാവിലെവരെ തുടർന്നു. ഇന്നും മഴക്ക് സാധ്യതയുണ്ട്.
രാത്രി മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നും ദൂരക്കാഴ്ച 100 മീറ്ററിൽ കുറവായിരിക്കുമെന്നും കുവൈത്ത് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. അടിയന്തരഘട്ടത്തിൽ സഹായത്തിന് 112ൽ വിളിക്കാമെന്ന് ജനറൽ ഫയർഫോഴ്സ് അറിയിച്ചു.
അതേസമയം, രാജ്യത്ത് ദിവസങ്ങളായി കനത്ത തണുപ്പ് അനുഭവപ്പെടുന്നുണ്ട്. രാജ്യത്തെ താപനിലയിൽ വരും ദിവസങ്ങളിലും കുറവുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷകർ സൂചിപ്പിച്ചിട്ടുണ്ട്. ദിവസം മുഴുവൻ തണുത്തതും മിതമായതുമായ കാലാവസ്ഥയിൽ തുടരും. രാത്രി തണുപ്പ് വർധിക്കും. നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റും പ്രതീക്ഷിക്കപ്പെടുന്നു. തീരപ്രദേശങ്ങളിൽ കാറ്റിന് ശക്തി കൂടും.
രാത്രിയാകുമ്പോൾ പകലിനെ അപേക്ഷിച്ച് താപനിലയിൽ വലിയ കുറവുണ്ടാകും. ഇത് കടുത്ത തണുത്ത അവസ്ഥ സൃഷ്ടിക്കും.