മനുഷ്യക്കടത്ത് , വ്യാജ രേഖ നിർമാണം ; കുവൈത്തിൽ മൂന്ന് പ്രവാസികൾ അറസ്റ്റിൽ
മനുഷ്യക്കടത്തും വ്യാജ സ്റ്റാമ്പ് നിർമാണവുമായി ബന്ധപ്പെട്ട് കുവൈത്തിൽ മൂന്ന് പ്രവാസികളെ അറസ്റ്റ് ചെയ്തു. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് ബംഗ്ലാദേശ് പൗരന്മാർ പിടിയിലായത്. മനുഷ്യക്കടത്ത് കേസിലുൾപ്പെട്ട രണ്ട് പ്രതികൾ ഓരോ തൊഴിലാളികളിൽ നിന്നും 1700 മുതൽ 1900 കുവൈത്ത് ദീനാർ വീതം ഈടാക്കി കടത്തിക്കൊണ്ടുവന്നതായാണ് കണ്ടെത്തിയത്.
സർക്കാർ ഇ-പേയ്മെന്റ് സിസ്റ്റത്തിന്റെ സ്റ്റാമ്പ് വ്യാജമായി നിർമിക്കുന്നു എന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്നാമത്തെ പ്രതിയെ പിടികൂടിയത്. പ്രതിയിൽ നിന്ന് വ്യാജ സ്റ്റാമ്പുകൾ വൻതോതിൽ കണ്ടെടുക്കുകയും ചെയ്തു. സുരക്ഷയും നിയമവും ഉറപ്പാക്കുന്നതിന് കർശന നടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.