സിറിയയിൽ നിന്ന് ബഹ്റൈൻ പൗരന്മാരുടെ ആദ്യസംഘത്തെ വിജയകരമായി എത്തിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ബഹ്റൈനിലേക്ക് സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കാൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നിർദേശങ്ങൾക്കനുസൃതമായും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ മേൽനോട്ടത്തിലും നടപടികൾ സ്വീകരിച്ചിരുന്നു.
വിദേശത്തുള്ള ബഹ്റൈൻ പൗരന്മാരുടെ ക്ഷേമത്തിനും സുരക്ഷക്കും മുൻഗണന നൽകാനും ആവശ്യമായ ക്രമീകരണങ്ങൾ നൽകാനുമുള്ള ഹമദ് രാജാവിന്റെയും കിരീടാവകാശിയുടെയും നിർദേശങ്ങളെത്തുടർന്നാണ് ഈ ശ്രമങ്ങൾ വിജയകരമായി നടത്തിയതെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു. പൗരന്മാരുടെ മടങ്ങിവരവ് സുഗമമാക്കുന്നതിൽ ഗൾഫ് എയറിന്റെയും മറ്റ് പങ്കാളികളായ കക്ഷികളുടെയും സഹകരണവുമുണ്ടായി.
സിറിയയിലെയും ജോർഡനിലെയും ബന്ധപ്പെട്ട അധികാരികൾ നൽകിയ സഹായവും പ്രയോജനപ്രദമായി. സ്ഥിതിഗതികൾ നിരീക്ഷിക്കുന്നത് തുടരുന്നതിനും സിറിയയിൽ അവശേഷിക്കുന്ന എല്ലാ ബഹ്റൈൻ പൗരന്മാരുടെയും സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കുന്നതിനുമുള്ള പ്രതിജ്ഞാബദ്ധത മന്ത്രാലയം ആവർത്തിച്ചു.