53-മത് ദേശീയ ദിനാഘോഷത്തിനായി ഒരുങ്ങി രാജ്യം. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ സിംഹാസനാരൂഢനായതിന്റെ രജതജൂബിലി വേള കൂടിയാണിത്. രാജ്യത്തെ എല്ലാ തെരുവുകളും ചരിത്ര സ്മാരകങ്ങളും കെട്ടിടങ്ങളുമെല്ലാം ചുവപ്പും വെള്ളയും നിറങ്ങളിൽ അലങ്കരിച്ചിട്ടുണ്ട്. ഹമദ് രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടേയും ചിത്രങ്ങൾ പ്രധാന കെട്ടിടങ്ങൾ, ടവറുകൾ, സ്ഥാപനങ്ങൾ എന്നിവയിലെല്ലാം സ്ഥാപിച്ചിരിക്കുന്നു.
ചുവപ്പും വെള്ളയും ചേർന്ന ബഹ്റൈൻ പതാക എല്ലാ തെരുവുകളിലും പാറിപ്പറക്കുന്നു. ഈ നിറങ്ങളിൽ ലൈറ്റുകളും അലങ്കാരങ്ങളും എല്ലായിടത്തും പ്രശോഭിക്കുകയാണ്. ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി സെലിബ്രേറ്റ് ബഹ്റൈൻ, മുഹറഖ് നൈറ്റ്സ് എന്നിവ പുരോഗമിക്കുകയാണ്. മുഹറഖ് നൈറ്റ്സ് പരിപാടിയിലേക്ക് സ്വദേശികളുടേയും വിദേശികളുടേയും ഒഴുക്ക് ദൃശ്യമാണ്. ബഹ്റൈനിന്റെ മഹത്തായ സാംസ്കാരിക പാരമ്പര്യം വിളിച്ചോതുന്ന കലാ, സാംസ്കാരിക പരിപാടികളാണ് എങ്ങും നടക്കുന്നത്.
പരമ്പരാഗത വേഷങ്ങളിൽ കുട്ടികളും ആഘോഷത്തിൽ പങ്കുചേരുന്നു. രാജ്യത്തുടനീളമുള്ള കടകളിൽ പതാക വിൽപന കാര്യമായി നടക്കുന്നുണ്ട്. 500 ഫിൽസു മുതൽ 1.5 ദീനാർ വരെ വിലയുള്ള പതാകകൾ ലഭ്യമാണ്. പരമ്പരാഗത വസ്ത്രങ്ങളുടേയും മറ്റും കച്ചവടം വലിയ തോതിൽ നടക്കുന്നുണ്ട്. വിദ്യാർഥികൾക്ക് അണിയാനുള്ള വസ്ത്രങ്ങളും തൊപ്പിയുമടക്കം ലഭ്യമാണ്. പ്രധാന സൂഖുകളിലെല്ലാം കച്ചവടം ഉഷാറായിട്ടുണ്ട്. വിവിധ പ്രായക്കാർക്കുള്ള വിവിധ തരത്തിലുള്ള റെഡിമെയ്ഡ് വസ്ത്രങ്ങൾക്കടക്കം വിപണിയിൽ ആവശ്യക്കാർ ഏറെയാണ്.
ബഹ്റൈൻ അതോറിറ്റി ഫോർ കൾചർ ആൻഡ് ആന്റിക്വിറ്റീസ് (ബാക്ക)യുടെ ആഭിമുഖ്യത്തിൽ പ്രത്യേക സാംസ്കാരിക പരിപാടികൾ, സംഗീത പരിപാടികൾ, കരകൗശല ശിൽപശാലകൾ, കുട്ടികളുടെ പരിപാടികൾ എന്നിവയടക്കം വിവിധ പരിപാടികൾ രാജ്യമെമ്പാടും ഉൾക്കൊള്ളിച്ചിട്ടുണ്ട്. താമസക്കാരെയും പൗരന്മാരെയും സന്ദർശകരെയും ആകർഷിക്കാൻ നിരവധി ടൂർ പാക്കേജുകളും ആസൂത്രണം ചെയ്തിട്ടുണ്ട്.
വിവിധ ഗവർണറേറ്റുകളിലെ സർക്കാർ സ്ഥാപനങ്ങളും ബിസിനസ് സ്ഥാപനങ്ങളും ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി അലങ്കരിച്ചിട്ടുണ്ട്. സീഫ്, ഡിപ്ലോമാറ്റിക് ഏരിയ, അൽ ഫാത്തി ഹൈവേ, ദി അവന്യൂസ് മാൾ, ബഹ്റൈൻ ഫിനാൻഷ്യൽ ഹാർബർ തുടങ്ങിയ പ്രദേശങ്ങളെല്ലാം വർണാഭമാണ്.