ദേശീയ ദിനവും ഹമദ് രാജാവ് സിംഹാസനാരൂഢനായതിന്റെ രജതജൂബിലിയും ആഘോഷിക്കുന്ന ബഹ്റൈന് കുവൈത്തിന്റെ ആശംസ. അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അസ്സബാഹ് എന്നിവർ ഹമദ് രാജാവിന് ആശംസ സന്ദേശം അയച്ചു.
ഹമദ് രാജാവിന്റെ കാലഘട്ടത്തിലെ സുപ്രധാന നേട്ടങ്ങളെയും വികസനത്തെയും അമീർ പ്രശംസിക്കുകയും കുവൈത്തും ബഹ്റൈനും തമ്മിലുള്ള ശക്തമായ ബന്ധത്തെ അഭിനന്ദിക്കുകയും ചെയ്തു. വിവിധ മേഖലകളിലെ ബന്ധങ്ങളും സഹകരണവും ശക്തിപ്പെടുത്തുന്നതിനുള്ള ഇരു രാജ്യങ്ങളുടെയും പ്രതിബദ്ധതയും അമീർ സൂചിപ്പിച്ചു.
ഹമദ് രാജാവിന് ആയുരാരോഗ്യവും ബഹ്റൈനും ജനങ്ങൾക്കും കൂടുതൽ സമൃദ്ധിയും കൈവരട്ടെയെന്ന് കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ് സന്ദേശത്തിൽ ആശംസിച്ചു.