പാരമ്പര്യേതര ഊർജ സ്രോതസ്സുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സോളാർ ഇൻസ്റ്റലേഷനുവേണ്ടി വരുന്ന കാത്തിരിപ്പ് സമയം വെട്ടിക്കുറച്ച് ബഹ്റൈൻ. സൗരോർജ സംവിധാനങ്ങൾ വീടുകളിൽ സ്ഥാപിക്കാൻ ഇത്രയും നാൾ അപേക്ഷിച്ച് ഒരു മാസം കാത്തിരിക്കണമായിരുന്നു. എന്നാൽ, ഇനിമുതൽ നാല് ദിവസത്തിനുള്ളിൽ സൗരോജ പ്ലാന്റ് വീടുകളിൽ സ്ഥാപിച്ചു നൽകും. ഇതിനായി, എളുപ്പത്തിൽ വായ്പകളും ലഭ്യമാക്കും. ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അഫയേഴ്സ് മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശൂറ കൗൺസിലിൽ അംഗം തലാൽ അൽ മന്നായിയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് മന്ത്രാലയത്തിന്റെ ഈ നീക്കം.
2060ഓടെ കാർബൺ ന്യൂട്രാലിറ്റി കൈവരിക്കാനുള്ള ബഹ്റൈന്റെ നീക്കത്തിന്റെ ഭാഗമാണ് നടപടികൾ. സ്കൂളുകൾ, സർവകലാശാലകൾ എന്നിവയിലെല്ലാം കാർബൻ ന്യൂട്രാലിറ്റി കൈവരിക്കുന്നതിന്റെ ആവശ്യകത സംബന്ധിച്ച് ബോധവത്കരണ പരിപാടികൾ സർക്കാർ നടത്തുകയാണ്. പൊതുജന ബോധവത്കരണത്തിനായി ശിൽപശാലകൾ, സെമിനാറുകൾ, കോൺഫറൻസുകൾ എന്നിവയും നടക്കുന്നുണ്ട്. ഉദ്യോഗസ്ഥർ സോളാറിന്റെ പാരിസ്ഥിതികവും സാമ്പത്തികവുമായ നേട്ടങ്ങൾ വിശദീകരിക്കുകയാണ്. രാജ്യത്തിന്റെ മൊത്തം സ്ഥാപിത സൗരോർജശേഷി 70 മെഗാവാട്ടിലേക്ക് ഉയർന്നിട്ടുണ്ട്. സേവനങ്ങളുടെ പൂർണമായ ഡിജിറ്റലൈസേഷൻ നടത്തിയതായും ഇൻസ്റ്റാളേഷൻ കാത്തിരിപ്പ് സമയം നാലു ദിവസമായി കുറച്ചതായും മന്ത്രാലയം അറിയിച്ചു.
സോളാർ പദ്ധതിയുടെ സാധ്യതകൾ വിലയിരുത്തുന്നതിനും ഇൻസ്റ്റാളേഷൻ നിർണയിക്കുന്നതിനും സർക്കാർ സ്ഥാപനങ്ങളെ സഹായിക്കുന്നതിന് സാധ്യത പഠനങ്ങളും നടക്കുന്നു. വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലും സൗരോർജ സംവിധാനങ്ങൾ സ്ഥാപിക്കാനും അവരുടെ വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റിയശേഷം മിച്ചമുണ്ടെങ്കിൽ ദേശീയ ഗ്രിഡിലേക്ക് നൽകാനും അനുവദിക്കുന്നു.
ഡെവലപ്പർമാർക്കും നിക്ഷേപകർക്കും പവർ പർച്ചേസ് എഗ്രിമെന്റുകൾ (പി.പി.എ) പ്രയോജനപ്പെടുത്താം. ഇത് ഊർജ ബില്ലുകൾ കുറക്കുകയും കാർബൺ ബഹിർഗമനം കുറക്കുകയും ചെയ്യും. മാത്രമല്ല അധിക വൈദ്യുതി വിൽക്കാനും സാധിക്കുന്നു. നിരവധി പ്രാദേശിക ബാങ്കുകളുമായി സഹകരിച്ച് കുറഞ്ഞ പലിശക്ക് വായ്പകളും ലഭ്യമാക്കുന്നു.