ആഹ്ലാദം നിറഞ്ഞ അന്തരീക്ഷത്തിൽ ദേശീയ ദിനവും ഹമദ് രാജാവ് സിംഹാസനാരൂഢനായതിന്റെ രജതജൂബിലിയും ആഘോഷിക്കുകയാണ് ബഹ്റൈൻ. നാടെമ്പാടും ദേശീയ പതാകയുടെ ചുവപ്പും വെള്ളയും കലർന്ന വർണങ്ങളിൽ അലങ്കാരങ്ങൾ നിരന്നുകഴിഞ്ഞു. ഇന്ന് സാഖീർ കൊട്ടാരത്തിൽ നടക്കുന്ന ചടങ്ങിൽ ഹമദ് രാജാവ് പങ്കെടുക്കും. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും സന്നിഹിതനായിരിക്കും. ആചാരപരമായ ചടങ്ങുകൾക്കുശേഷം ഹമദ് രാജാവ് മുഖ്യ പ്രഭാഷണം നടത്തും. രാജ്യത്തിന്റെ വിജയത്തിനും സമൃദ്ധിക്കും മികച്ച സംഭാവനകൾ നൽകിയവർക്ക് ചടങ്ങിൽ ഹമദ് രാജാവ് മെഡലുകൾ സമ്മാനിക്കും.
സമാധാനത്തിന്റെയും സഹിഷ്ണുതയുടേയും സഹവർത്തിത്വത്തിന്റെയും മഹനീയ സന്ദേശം ലോകത്തിനു മുന്നിൽ പകർന്നു നൽകിക്കൊണ്ടിരിക്കുന്ന പവിഴദ്വീപ് വികസനത്തിന്റെ പുതിയ ചക്രവാളങ്ങളിലേക്കാണ് നടന്നുകയറിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ കാലങ്ങളിൽ രാജ്യം കൈവരിച്ച നേട്ടങ്ങൾ അനുസ്മരിക്കുന്നതിനും ശോഭനമായ ഭാവിയെ പ്രതീക്ഷകളോടെ വരവേൽക്കാനുമുള്ള അവസരമാണ് ദേശീയ ദിനം ഒരുക്കുന്നത്.
ബഹ്റൈനിലെ വിവിധ പ്രവാസി സംഘടനകളും ദേശീയ ദിനാഘോഷവുമായി സജീവമായി രംഗത്തുണ്ട്. രാജ്യമെങ്ങും ബഹ്റൈൻ ദേശീയ പതാകയുടെ നിറങ്ങളാൽ അലങ്കാരമൊരുക്കി ജനങ്ങളെല്ലാവരും ഭേദചിന്തയില്ലാതെ ആഘോഷത്തിൽ പങ്കുചേരും.