മനാമ : ബഹ്റൈനില്‍ നിർമ്മാണത്തിലിരിക്കുന്ന വീടുകളിൽ നിന്ന് ഇലക്ട്രിക്കല്‍ വയറുകളും നിര്‍മ്മാണ സാമഗ്രികളും മോഷ്ടിച്ച പ്രവാസി അറസ്റ്റില്‍. ഏഷ്യക്കാരനായ പ്രവാസിയാണ് അറസ്റ്റിലായത്. ബഹ്‌റൈനിലെ വടക്കന്‍ ഗവര്‍ണറേറ്റിലാണ് സംഭവം.
നിരവധി നാളുകളായി പോലീസിന് തലവേദയായി മാറിയ പ്രതിയായിരുന്നു ഇയാൾ. നിരവധി വീടുകളിൽ നിന്ന് ഇലെക്ട്രിക്കൽ വയറുകളും മറ്റും മോഷണം പോയതിനെത്തുടർന്ന് നിരവധി പരാതികൾ ലഭിച്ച പോലീസ് ശക്തമായ അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടർന്ന് 32കാരനായ പ്രതിയെ പിടികൂടുകയായിരുന്നു. മോഷണം സംബന്ധിച്ച് നിരവധി റിപ്പോര്‍ട്ടുകള്‍ ലഭിച്ചിരുന്നെന്നും നിയമ നടപടികള്‍ സ്വീകരിച്ചതായും വടക്കന്‍ ഗവര്‍ണറേറ്റ് പൊലീസ് ഡയറക്ടറേറ്റ് വെളിപ്പെടുത്തി. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. കഴിഞ്ഞ ആഴ്ച മുഹറഖിലും സമാന രീതിയില്‍ കേസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈസ്റ്റ് ഹിദ്ദിലെ നിര്‍മ്മാണം പുരോഗമിക്കുന്ന വീടുകളില്‍ നിന്ന് ഇലക്ട്രിക് വയറുകളും കെട്ടിട നിര്‍മ്മാണ സാമഗ്രികളും മോഷ്ടിച്ച അഞ്ച് ഏഷ്യക്കാര്‍ പിടിയിലായിരുന്നു.