ഇസ്ലാമാബാദിലും ലഹോറിലും കനത്ത വ്യോമാക്രമണം നടത്തി ഇന്ത്യ, മൂന്ന് പാക് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടു, രണ്ട് പൈലറ്റുമാർ പിടിയിൽ

പാകിസ്താൻ തലസ്ഥാനമായ ഇസ്ലാമാബാദിലും ലഹോറിലും കനത്ത വ്യോമാക്രമണം നടത്തി ഇന്ത്യ. പാക് ഭീകരതാവളങ്ങളെ തകർത്ത സിന്ദൂർ ഓപ്പറേഷന്റെ തുടർച്ചയായാണ് വ്യാഴാഴ്ച രാത്രി രാജ്യത്തെ സൈനികകേന്ദ്രങ്ങളും വിമാനത്താവളങ്ങളും ലക്ഷ്യമാക്കി പാകിസ്താൻ വ്യോമാക്രമണത്തിന് മുതിർന്നത്. എന്നാൽ, വ്യോമ പ്രതിരോധസംവിധാനം ഉപയോഗിച്ച് പാക് മിസൈലുകളും ഡ്രോണുകളും ഇന്ത്യ തകർത്തിട്ടു. ജമ്മുവിൽനിന്നാണ് യുദ്ധവിമാനങ്ങൾ പറന്നുയർന്നത്. ഇസ്ലാമാബാദിലും ലഹോറിലും ഇന്ത്യ കനത്ത വ്യോമാക്രമണമാണ് നടത്തിയത്. ഇതോടെ പാകിസ്താനിലെ പ്രധാനനഗരങ്ങൾ ഇരുട്ടിലായി. പാകിസ്താന്റെ മൂന്ന് യുദ്ധവിമാനങ്ങളും 50-ഓളം ഡ്രോണുകളും പത്തോളം മിസൈലുകളും തകർത്തു. രണ്ട് ചൈനീസ് നിർമിത ജെഎഫ് 17എസ്, എഫ് 16 യുദ്ധവിമാനങ്ങളാണ് തകർത്തത്. രണ്ട് പാക് പൈലറ്റുമാരെ ഇന്ത്യ കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്.

പാക് ആക്രമണത്തിൽ ആളപായമില്ലെന്ന് അധികൃതർ അറിയിച്ചു. അതിർത്തികടന്നുള്ള ആക്രമണത്തെത്തുടർന്ന് പ്രതിേരാധമന്ത്രിയുടെ അധ്യക്ഷതയിൽ അടിയന്തര ഉന്നതതലയോഗം ചേർന്നു. സംയുക്ത സേനാമേധാവി ജനറൽ അനിൽ ചൗഹാനും മൂന്ന് സേനാമേധാവികളും പങ്കെടുത്തു. വിദേശ കാര്യമന്ത്രി എസ്. ജയശങ്കർ, അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഫോണിൽ ചർച്ച നടത്തി. സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

ജമ്മു-കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ തന്ത്രപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയായിരുന്നു പാക് നീക്കം. ജമ്മു-കശ്മീരിലെ സത്ത് വാരി, സാമ്പ, ആർഎസ് പുര, അർണി എന്നിവിടങ്ങളെ ലക്ഷ്യംവെച്ച് പാക് തൊടുത്ത എട്ട് മിസൈലും തകർത്തു. മൂന്ന് സംസ്ഥാനങ്ങളിൽ സൈറൺ മുഴങ്ങുകയും വെളിച്ചം അണയ്ക്കുകയും ചെയ്തു. ഇന്റർനെറ്റ്, തീവണ്ടി സർവീസ് എന്നിവ നിർത്തിവെച്ചു. 50-ലധികം ഡ്രോണുകളും മിസൈലുകളുമാണ് പാകിസ്താൻ തൊടുത്തത്. എല്ലാം ഇന്ത്യൻസേന തകർത്തു.

Leave a Reply

Your email address will not be published. Required fields are marked *