നിലവിലെ സാഹചര്യം കണക്കിലെടുത്താണ് ചൈന പാകിസ്ഥാന്‍ അനുകൂല നിലപാട് സ്വീകരിക്കാത്തതെന്ന് ശശി തരൂര്‍

നിലവിലെ സാഹചര്യം കണക്കിലെടുത്താണ് ചൈന പാകിസ്ഥാന്‍ അനുകൂല നിലപാട് സ്വീകരിക്കാത്തതെന്ന് ശശി തരൂര്‍ എംപി. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ- പാക് സംഘര്‍ഷം മൂര്‍ച്ഛിക്കുമ്പോള്‍, എല്ലാ രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് ആണവ ശക്തികള്‍ തമ്മിലുള്ള യുദ്ധം ആരും കാണാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടു തന്നെ ലോകരാജ്യങ്ങളുടെ പ്രതികരണം സ്വാഭാവികമാണെന്ന് ശശി തരൂര്‍ പറഞ്ഞു. റഷ്യ, ഫ്രാന്‍സ്, ഇസ്രായേല്‍ എന്നിവ മാത്രമാണ് ഭീകരതയ്‌ക്കെതിരെ സ്വയം പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ അവകാശത്തെക്കുറിച്ച് വ്യക്തമായ നിലപാട് പ്രഖ്യാപിച്ചത്. 2001 ലെ ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തിന് ശേഷം അഫ്ഗാനിസ്ഥാനെതിരെ ഏറ്റവും ശക്തമായി പ്രതികരിച്ചത് അമേരിക്കയാണ്. അതുകൊണ്ടുതന്നെ ഭീകരതയ്‌ക്കെതിരെ അമേരിക്ക എന്തെങ്കിലും പറയണമായിരുന്നു.

എന്നാല്‍ അതിശയകരമെന്നു പറയട്ടെ, ചൈന പാകിസ്ഥാന്‍ അനുകൂല നിലപാട് സ്വീകരിച്ചില്ല. ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ഊഷ്മളമായിക്കൊണ്ടിരിക്കുകയാണെന്ന വസ്തുത ചൈന മറന്നിട്ടില്ല. ഉയര്‍ന്ന തീരുവകളുടെ ട്രംപിയന്‍ ലോകത്ത് ഇന്ന് ചൈനയ്ക്ക് ഇന്ത്യന്‍ വിപണി കൂടുതല്‍ പ്രധാനമാണ്. മുമ്പ് ഒരിക്കലും ആവശ്യമില്ലാത്ത വിധത്തില്‍ ചൈനയ്ക്ക് ഇന്ത്യയെ ആവശ്യമുണ്ട്. ഒരു യഥാര്‍ത്ഥ യുദ്ധം ഉണ്ടായിരുന്നെങ്കില്‍, അവര്‍ പാകിസ്ഥാനെ പിന്തുണയ്ക്കുമായിരുന്നു. എന്നാല്‍ ഒരു യുദ്ധം തടയാന്‍, എന്റെ അഭിപ്രായത്തില്‍ ചൈന ഒരു ക്രിയാത്മക സമീപനം സ്വീകരിക്കും. ശശി തരൂര്‍ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *