ജോലിയിൽ നിന്നും സസ്പെന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് വിഷാദത്തിലായ ബസ് കണ്ടക്ടര്‍ 15കാരനായ മകനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. ബ്രിഹൻമുംബൈ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്പോർട്ട് അണ്ടർടേക്കിംഗിലെ (ബെസ്റ്റ്) കണ്ടക്ടറായ ശരദ് ഭോയ് (40)ആണ് ആത്മഹത്യ ചെയ്തത്. മഹാരാഷ്ട്രയിലെ പാൽഘര്‍ ജില്ലയിലാണ് സംഭവം. ജവഹർ താലൂക്കിലെ പിമ്പാൽഷെത്ത് ഗ്രാമത്തിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസമായി സസ്പെന്‍ഷനിലായിരുന്നു ശരത്. ഇതിനെത്തുടര്‍ന്ന് ഇയാള്‍ കുറച്ചു നാളായി വിഷാദത്തിലായിരുന്നു.
ബുധനാഴ്ച ഉച്ചയോടെ സ്കൂളിൽ നിന്നും മടങ്ങിയെത്തിയ പത്താം ക്ലാസുകാരനായ ഭവേഷിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം കുട്ടിയുടെ ശരീരം തറയിൽ ശക്തിയായി ഇടിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് മറ്റൊരു മുറിയിൽ പോയി ജീവനൊടുക്കുകയുമായിരുന്നു. സമീപത്ത് താമസിച്ചിരുന്ന ഭോയെയുടെ പിതാവാണ് മൃതദേഹങ്ങൾ കണ്ടതും അധികൃതരെ വിവരമറിയിച്ചതും. മൃതദേഹങ്ങൾ പോസ്റ്റുമോര്‍ട്ടത്തിന് അയച്ചുവെന്നും കേസ് രജിസ്റ്റര്‍ ചെയ്തതായും പൊലീസ് വ്യക്തമാക്കി.