സ്ത്രീത്വത്തെ അപമാനിച്ച കേസിൽ വ്ളോഗർ ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കിക്ക് ജാമ്യം നൽകി ഹൈക്കോടതി. ചലച്ചിത്ര അഭിനേത്രിമാരെ അപമാനിക്കുന്ന പ്രസ്താവനയിൽ എറണാകുളം നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം. ജസ്റ്റിസ് എംബി സ്നേഹലത അധ്യക്ഷയായ ഹൈക്കോടതിയുടെ അവധിക്കാല സിംഗിൾ ബെഞ്ചാണ് സന്തോഷ് വർക്കിക്ക് ജാമ്യം നൽകിയത്.
സന്തോഷ് വർക്കിക്കെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുമെന്നും എന്നാൽ പ്രതിയെ കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യൽ അനിവാര്യമല്ലെന്നും നിരീക്ഷിച്ചാണ് നടപടി. സമാന കുറ്റകൃത്യം ആവർത്തിക്കരുതെന്ന് സന്തോഷ് വർക്കിക്ക് ഹൈക്കോടതി മുന്നറിയിപ്പ് നൽകി. സാമൂഹിക മാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിച്ച് പ്രസ്താവന നടത്തരുതെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം.
എറണാകുളം നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ 11 ദിവസമായി റിമാൻഡിലാണ് സന്തോഷ് വർക്കി. ചലച്ചിത്ര പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സന്തോഷ് വർക്കിക്ക് എതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ അനുസരിച്ച് കേസെടുത്തത്. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളെല്ലാം മോശം സ്വഭാവമുള്ളവരാണ് എന്നായിരുന്നു സന്തോഷ് വർക്കിയുടെ പരാമർശം. സന്തോഷ് വർക്കി നേരത്തെയും സമാനമായ പരാമർശം നടത്തിയിരുന്നു.
അഭിനേത്രിമാരായ അൻസിബ ഹസ്സൻ, കുക്കു പരമേശ്വരൻ, ഉഷ ഹസീന എന്നിവരുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സന്തോഷ് വർക്കിക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കേസെടുത്തതിന് പിന്നാലെ സന്തോഷ് വർക്കിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ മൊബൈൽ ഫോൺ കണ്ടെടുത്തിരുന്നു. മേക്കപ് ആർട്ടിസ്റ്റ് ആയ ട്രാൻസ് വ്യക്തിയെ വീട്ടിൽ കെട്ടിയിട്ട് പീഡിപ്പിച്ച കേസിലും സന്തോഷ് വർക്കി പ്രതിയാണ്. നടി നിത്യ മേനോനെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ശല്യപ്പെടുത്തിയതിന് സന്തോഷ് വർക്കിയെ നേരത്തെ പാലാരിവട്ടം പൊലീസ് താക്കീത് ചെയ്ത് വിട്ടയച്ചിരുന്നു.