സംസ്ഥാനത്ത് പ്ലസ് ടു പരീക്ഷാഫലം മെയ് 21 ന് പ്രഖ്യാപിക്കും. പരീക്ഷ മൂല്യനിർണ്ണയം പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ടാബുലേഷൻ പ്രവൃത്തികൾ നടന്നു വരികയാണ്. മെയ് 14 ന് ബോർഡ് മീറ്റിങ്ങ് കൂടി മെയ് 21 ന് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
ഹയർ സെക്കണ്ടറി രണ്ടാം വർഷ പരീക്ഷയ്ക്ക് 444707 വിദ്യാർത്ഥികളാണ് രജിസ്റ്റർ ചെയ്തത്. ഒന്നാം വർഷ ഹയർ സെക്കണ്ടറി പരീക്ഷയുടെ മൂല്യനിർണയവും നടന്നു വരികയാണ്. 413581 വിദ്യാർത്ഥികളാണ് ഒന്നാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. ടാബുലേഷൻ പൂർത്തിയാക്കി ഒന്നാം വർഷ പരീക്ഷാ ഫലം ജൂൺ മാസം പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്ലസ് വണ്ണിന് യോഗ്യരായ എല്ലാ കുട്ടികൾക്കും പ്രവേശനം ഉറപ്പാക്കും. ഏഴ് ജില്ലകളിൽ പ്ലസ് വണിന് 30 ശതമാനം സീറ്റ് വർധിപ്പിക്കും. 2025 മെയ് 14 മുതൽ പ്ലസ് വൺ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. അപേക്ഷ ഓൺലൈനായി സമർപ്പിക്കുവാനുള്ള അവസാന തീയതി മേയ് 20 ആയിരിക്കുന്നതാണ്.
അപേക്ഷകർക്ക് സ്വന്തമായോ, അല്ലെങ്കിൽ പത്താം തരം പഠിച്ചിരുന്ന ഹൈസ്കൂളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും, അദ്ധ്യാപകരുടെ സഹായവും അതുപോലെ തന്നെ ആ പ്രദേശത്തെ ഗവണ്മെന്റ്/എയ്ഡഡ് ഹയർസെക്കണ്ടറി സ്കൂളുകളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്തി പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം.
ഏകജാലക അഡ്മിഷൻ ഷെഡ്യൂൾ ഇപ്രകാരമാണ്.
ട്രയൽ അലോട്ട്മെന്റ് തീയതി : മേയ് 24
ആദ്യ അലോട്ട്മെന്റ് തീയതി : ജൂൺ 2
രണ്ടാം അലോട്ട്മെന്റ് തീയതി : ജൂൺ 10
മൂന്നാം അലോട്ട്മെന്റ് തീയതി : ജൂൺ 16
മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി 2025 ജൂൺ 18 ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കും.
തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ സർക്കാർ സ്കൂളുകളിലാണ് 30 ശതമാനം മാർജിനൽ സീറ്റ് വർധിപ്പിക്കുക. കൊല്ലം, എറണാകുളം , തൃശൂർ ജില്ലകളിലെ എല്ലാ സ്കൂളുകളിലും 20 ശതമാനം വർധനയുണ്ടാകും. നേരത്തെ പ്രഖ്യാപിച്ച താത്കാലിക ബാച്ചുകൾ തുടരുമെന്നും മന്ത്രി ശിവൻകുട്ടി അറിയിച്ചു.