കെപിസിസി പ്രസിഡന്റ് പദവിയുമായി ബന്ധപ്പെട്ട ചർച്ചകളിൽ നേരിട്ട് ഇടപെട്ട് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. നേതൃമാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ മുതിർന്ന നേതാക്കൾ, മുൻ കെപിസിസി പ്രസിഡന്റുമാർ തുടങ്ങിയവരിൽ നിന്നും രാഹുൽഗാന്ധി അഭിപ്രായങ്ങൾ തേടി. കെ സുധാകരനെ മാറ്റി പുതിയ കെപിസിസി പ്രസിഡന്റിനെ നിയമിക്കുന്നതു സംബന്ധിച്ച ചർച്ചകൾ പ്രതിസന്ധിയിലായതോടെയാണ് രാഹുലിന്റെ ഇടപെടൽ.
ഹൈക്കമാൻഡ് നിർദേശം ലംഘിച്ച് കെ സുധാകരൻ പരസ്യപ്രസ്താവന നടത്തിയതോടെയാണ് നേതൃമാറ്റ ചർച്ചകൾ അനിശ്ചിതത്വത്തിലായത്. ഇതേത്തുടർന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ, മുൻ കെപിസിസി പ്രസിഡന്റുമായ വി എം സുധാരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, കെ മുരളീധരൻ എന്നിവരുമായാണ് രാഹുൽ സംസാരിച്ചത്.