പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ നൽകിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് രാജ്യതാല്പര്യങ്ങൾക്കെതിരെ വാർത്തകൾ നൽകിയ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾക്കെതിരെ നടപടി വേണമെന്നാണ് പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി ആവശ്യപ്പെട്ടത്.ഇന്നലെ ചേർന്ന യോഗത്തിനുശേഷം ഇതു സംബന്ധിച്ച് കേന്ദ്രത്തോട് നിർദേശവും നൽകിയിട്ടുണ്ട്.
അതേസമയം, ഇന്ത്യ-പാകിസ്താൻ സംഘർഷ സാഹചര്യത്തിൽ നാളെ രാജ്യവ്യാപകമായി മോക്ക് ട്രിൽ നടത്താനാണ് കേന്ദ്ര ആഭ്യന്തര മന്ത്രായം നിർദേശം നൽകിയിരിക്കുന്നത്. അടിയന്തര സാഹചര്യം നേരിടാൻ വിദ്യാർഥികൾക്കും ജനങ്ങൾക്കും പരിശീലനം നൽകാനും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. വ്യോമാക്രമണ മുന്നറിയിപ്പ് നൽകുന്നതിനായി സൈറനുകൾ സ്ഥാപിക്കാനും നിർദേശമുണ്ട്.അതിനിടെ പാകിസ്താനെതിരെ കൂടുതൽ നയതന്ത്ര നടപടികളിലേക്ക് കടക്കുകയാണ് ഇന്ത്യ. ചിനാബ് നദിയിൽ നിന്നുള്ള നീരൊഴുക്ക് ഇന്ത്യ വീണ്ടും കുറച്ചു. ബഗ്ലിഹാറിന് പിന്നാലെ സലാൽ ഡാമിലെ നീരൊഴുക്കും കുറച്ചു. ക്രമേണ ജലവിതരണം പൂർണമായി അവസാനിപ്പിക്കാൻ അണക്കെട്ടുകൾ നിർമ്മിക്കാനുള്ള ആലോചനയിലാണ് ഇന്ത്യ.
ഭീകരവാദത്തിനെതിരെ റഷ്യ അടക്കമുള്ള കൂടുതൽ രാജ്യങ്ങൾ ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിക്കുന്നത് പാകിസ്താന്റെ നെഞ്ചിടിപ്പ് വർധിപ്പിക്കുകയാണ്. അതിനിടെ നാവികസേനയുടെ കോംപാക്ട് മൈനിങ് പരീക്ഷണം അറബിക്കടലിൽ വിജയകരമായി പൂർത്തീകരിച്ചു. ഏത് അടിയന്തരസാഹചര്യവും നേരിടാൻ സൈന്യം സർവ സജ്ജമാണെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.