രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തിയത് കെ. സുധാകരനെ മാറ്റുന്ന കാര്യമല്ല; കെ.സി വേണുഗോപാല്‍

രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തിയത് കെ. സുധാകരനെ മാറ്റുന്ന കാര്യമല്ലെന്നും എല്ലാം മാധ്യമസൃഷ്ടിയാണെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. തിങ്കളാഴ്ച തന്നെ തീരുമാനമുണ്ടാകുമെന്ന് തങ്ങൾ ആരോടും പറഞ്ഞിട്ടില്ലെന്നും ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം സ്വീകരിക്കുമെന്നും വേണുഗോപാൽ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്ന് എന്തെങ്കിലും പ്രഖ്യാപനമുണ്ടാകുമെന്ന് ഞങ്ങൾ പറഞ്ഞിട്ടില്ല. പാർട്ടിയെ സംബന്ധിച്ച തീരുമാനങ്ങൾ ഞങ്ങൾ സ്വീകരിക്കും. കർണാടകയിൽനിന്ന് ഒരു പ്രസിഡന്‍റ് വന്ന പാർട്ടിയുടെ കാര്യം നിങ്ങൾ ചർച്ച ചെയ്യാതെ കോൺഗ്രസിനെ കുറിച്ച് മാത്രം പറയുന്നതെന്താ? എന്ത് തീരുമാനമുണ്ടായാലും അറിയിക്കും. മാധ്യമങ്ങൾ സൃഷ്ടിക്കുന്ന വാർത്തകൾക്ക് മറുപടി നൽകാൻ ഞങ്ങൾ ബാധ്യസ്ഥരല്ല. രാഹുൽ ഗാന്ധിയെ എല്ലാ ദിവസവും കാണുന്നതല്ലേ.. കേരളത്തിലെ കാര്യം മാത്രമല്ല ചർച്ച ചെയ്യാനുള്ളത്. പാർട്ടിയുടെ സിസ്റ്റം അനുസരിച്ച് മാത്രമേ പ്രവർത്തിക്കൂ. തിങ്കളാഴ്ച പ്രഖ്യാപനമുണ്ടാകുമെന്ന് മാധ്യമങ്ങൾ തെറ്റായി പറയുന്നത്. കോൺഗ്രസിനെ മാധ്യമവിചാരണ നടത്തുന്നത് ശരിയല്ലെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.

പാലക്കാട് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെയാണ് കെ.സി. വേണുഗോപാലിന്‍റെ പ്രതികരണം. ഇന്നു രാവിലെ ഡൽഹിയിലെത്തിയ വേണുഗോപാൽ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ നേതൃമാറ്റവുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്തിട്ടില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. പാർട്ടിയുമായി ബന്ധമില്ലാത്ത റോബർട്ട് വദ്രയുടെ ഉൾപ്പെടെ പേരുകൾ കോൺഗ്രസുമായി കൂട്ടിക്കെട്ടി ചർച്ച നടത്തുന്നത് ശരിയല്ലെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *