തുർക്കി നാവികസേനയുടെ ഒരു യുദ്ധക്കപ്പൽ ഞായറാഴ്ച കറാച്ചി തുറമുഖത്ത് എത്തി. ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷങ്ങൾക്കിടെയാണ് തുർക്കി നാവികസേനയുടെ ഒരു യുദ്ധക്കപ്പൽ കറാച്ചി തുറമുഖത്തെത്തിരിക്കുന്നത്. തുർക്കി നാവികസേനയുടെ അഡ-ക്ലാസ് എഎസ്ഡബ്ല്യു കോർവെറ്റുകളുടെ രണ്ടാമത്തെ കപ്പലായ ടിസിജി ബ്യുകോദ ബുധനാഴ്ച വരെ കറാച്ചിയിൽ തുടരുമെന്നാണ് വിവരം.
അങ്കാറയിൽനിന്ന് തുർക്കി വ്യോമസേനയുടെ സി-130 വിമാനം കറാച്ചിയിൽ വന്നിറങ്ങിയതിന് ദിവസങ്ങൾക്കുള്ളിലാണ് യുദ്ധക്കപ്പലും തീരമണിഞ്ഞത്. പാക്കിസ്ഥാന് ആയുധങ്ങളുമായാണ് സി–130 വിമാനം എത്തിയതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പിന്നീട് ഇതു തെറ്റാണെന്നും ഇന്ധനം നിറയ്ക്കുന്നതിനാണ് വിമാനം ലാൻഡ് ചെയ്തതെന്നും തുർക്കി അധികൃതർ പറഞ്ഞു.
തുർക്കി അംബാസഡർ ഡോ. ഇർഫാൻ നെസിറോഗ്‌ലു കഴിഞ്ഞ ദിവസം പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിനെ സന്ദർശിച്ച് തുർക്കിയുടെ പിന്തുണ അറിയിച്ചതായി പാക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സമുദ്രമേഖലാ സഹകരണത്തിന്റെ ഭാഗമായാണ് കപ്പല്‍ എത്തിയതെന്ന് പാക്കിസ്ഥാൻ നാവികസേന അറിയിച്ചു.
ഇരു രാജ്യങ്ങളുടെയും നാവികസേനകൾ തമ്മിലുള്ള പരസ്പര ധാരണ വർധിപ്പിക്കുകയും സമുദ്ര സഹകരണം ശക്തിപ്പെടുത്തുകയും ചെയ്യുകയാണ് കപ്പലിന്റെ വരവിലൂടെ ലക്ഷ്യമിടുന്നതെന്ന് അവർ പ്രസ്താവനയിൽ അറിയിച്ചു. തുര്‍ക്കി കപ്പലിലെ ഉദ്യോഗസ്ഥര്‍, പാക്കിസ്ഥാൻ നാവികസേനാ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുമെന്നാണ് വിവരം. ഇന്ത്യയുടെ തിരിച്ചടി സാധ്യതയും ഇരു രാജ്യങ്ങളും ചർച്ച ചെയ്യുമെന്നാണ് കരുതുന്നത്.
കറാച്ചിയിൽ എത്തുന്നതിന് മുൻപ് ഏപ്രിൽ 29നും മേയ് 1നും ഇടയിൽ ടിസിജി ബ്യുകോദ കപ്പൽ ഒമാൻ തുറമുഖത്തെത്തിയിരുന്നു. ഇതിനു മുൻപ് മലേഷ്യയിലും പോയിരുന്നു. അടുത്ത കാലത്തായി പാക്കിസ്ഥാനും തുർക്കിയും അടുത്ത നയതന്ത്ര ബന്ധമാണ് പുലർത്തുന്നത്. ഇരുരാജ്യങ്ങളും കഴിഞ്ഞയിടയ്ക്ക് സംയുക്ത സൈനികാഭ്യാസം നടത്തിയിരുന്നു. പാക്കിസ്ഥാന്റെ അന്തര്‍വാഹിനികളുടെ നവീകരണത്തിന് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നത് തുര്‍ക്കിയിലെ പ്രതിരോധ കമ്പനികളാണ്.
യുദ്ധക്കപ്പൽ നിർമാണത്തിനായി 2022ൽ തുർക്കിയുമായി പാക്കിസ്ഥാൻ കരാറിൽ ഏർപ്പെട്ടിരുന്നു. ഇതുപ്രകാരം പാകിസ്ഥാൻ നാവികസേനയ്ക്കായി നാലു യുദ്ധക്കപ്പലുകൾ തുർക്കി നിർമിക്കും. ഇതിൽ രണ്ടെണ്ണം ഇസ്താംബുളിലും ബാക്കി രണ്ടെണ്ണം പാക്കിസ്ഥാനിലെ കറാച്ചി കപ്പൽശാലയിലും നിർമിക്കും. ആദ്യത്തെ കപ്പലായ പിഎൻഎസ് ബാബറിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി.