ആദ്യ മലയാളി ഹജ്ജ് തീർഥാടകരെത്തി, മക്കയിൽ ഊഷ്മള സ്വീകരണം

ഈ വർഷത്തെ ഹജ്ജിനുള്ള ആദ്യ മലയാളി തീർഥാടക സംഘം മക്കയിലെത്തി. ശനിയാഴ്ച രാത്രി 10ന് ഇൻഡിഗോ വിമാനത്തിൽ കോഴിക്കോട് നിന്ന് പുറപ്പെട്ട 126 തീർഥാടകരാണ് ഞായറാഴ്ച പുലർച്ചെ ഒന്നിന് ജിദ്ദയിൽ ഇറങ്ങിയ ശേഷം ബസിൽ രാവിലെ ആറോടെ മക്കയിലെത്തിയത്. അൽഹിന്ദ് ഹജ്ജ് ഗ്രൂപ്പിന് കീഴിൽ എത്തിയ തീർഥാടകരെ ബസ് മാർഗം മക്കയിലെത്തിച്ചു. മലയാളി സന്നദ്ധ പ്രവർത്തകർ മക്കയിൽ ഊഷ്മള വരവവേൽപ് നൽകി.

മധുരവും സമ്മാനങ്ങളും നൽകിയാണ് ഹാജിമാരെ തീർഥാടകർക്കൊരുക്കിയ താമസസ്ഥലത്ത് സ്വീകരിച്ചത്. അപ്രത്രീക്ഷിത സ്വീകരണം ഹാജിമാരെ സംതൃപ്തരാക്കി. ഹോട്ടലിൽ അൽപ്പം വിശ്രമിച്ച ശേഷം സംഘം മസ്ജിദുൽ ഹറാമിലെത്തി ഉച്ചയോടെ ഉംറ നിർവഹിച്ചു. വരും ദിനങ്ങളിൽ ഹാജിമാർ മസ്ജിദുൽ ഹറാമിൽ നമസ്‌കാരവും പ്രാർഥനയുമായി കഴിയും. മക്കയിലെ വിവിധ ചരിത്ര സ്ഥലങ്ങൾ സന്ദർശിക്കും.
സ്വകാര്യ ഗ്രൂപ്പിൽ എത്തിയ ഹാജിമാരിൽ ഭൂരിഭാഗവും ഹജ്ജിനു മുമ്പ് മദീന സന്ദർശനം പൂർത്തിയാക്കും. ഹജ്ജിന് ശേഷം ജിദ്ദ വഴിയാകും മടക്കം. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിലുള്ള തീർഥാടകർ ഈ മാസം 10 മുതൽ ജിദ്ദ വഴി എത്തും. ഹജ്ജിന് ശേഷം മദീന വഴിയാകും ഇവർ മടങ്ങുക. മക്കയിൽ ഹാജിമാർക്ക് വേണ്ട മുഴുവൻ ഒരുക്കവും ഇന്ത്യൻ ഹജ്ജ് മിഷന് കീഴിൽ പൂർത്തിയായിട്ടുണ്ട്.

ആദ്യ സംഘത്തെ സ്വീകരിക്കാൻ കെ.എം.സി.സി നാഷനൽ ഹജ് കമ്മിറ്റി ജനറൽ കൺവീനർ മുജീബ് പൂകോട്ടൂർ, സുലൈമാൻ മാളിയേക്കൽ, നാസർ കിൻസാറ, മുസ്തഫ മുഞ്ഞക്കുളം, കുഞ്ഞാപ്പ പൂക്കോട്ടൂർ, എം.സി. നാസർ, സക്കീർ കാഞ്ഞങ്ങാട്, സിദ്ധിഖ് കൂട്ടിലങ്ങാടി, സമീർ കൊട്ടുകര എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *