റെസ്റ്റോറന്റുകളിൽ ഭക്ഷണം കഴിക്കുമ്പോൾ മീനും ചിക്കനും പോലുള്ള നോൺവെജ്ജ് വിഭവങ്ങൾക്കൊപ്പം ചെറുതായി അരിഞ്ഞ സവാളയും ഒരു കഷ്ണം നാരങ്ങയും തരാറുണ്ട്. അത് നമ്മൾ ഭക്ഷണത്തിന് മുകളിൽ പിഴിഞ്ഞു കഴിക്കാറുമുണ്ട്. എന്നാൽ എന്തിനാണ് നാരങ്ങ നീര് ഇത്തരത്തിൽ നോൺവെജ് വിഭവത്തിൽ ഒഴിക്കുന്നതെന്ന് അറിയാമോ? അതിന് പിന്നിൽ ഒരു ശാസ്ത്രീയ വശമുണ്ട്.
പലർക്കും ഈ രുചി ഇഷ്ടപ്പെട്ടിട്ടാണ് ഈ ആചാരം ആവർത്തിക്കുന്നത്. വിഭവങ്ങളുടെ ഫ്‌ലേവർ കൂട്ടാനും രുചി ബാലൻസ്ഡ് ആകാനും നാരങ്ങ ചേർക്കുന്നത് നല്ലതാണ്. എന്നാൽ രുചിക്ക് വേണ്ടി മാത്രമല്ല, നോൺവെജ് വിഭവങ്ങൾ ദഹിക്കാൻ പാടുള്ളതു കൊണ്ട് തന്നെ നാരങ്ങ നീര് ഇതിനൊപ്പം ചേർക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും.
നാരങ്ങാനീര് ദഹന എൻസൈമുകളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുകയും പോഷകങ്ങളുടെ ആഗിരണം വേഗത്തിലാക്കുകയും ചെയ്യുന്നു. കൂടാതെ നാരങ്ങാനീരിന്റെ അസിഡിറ്റി ആമാശയത്തിലെ ആസിഡിനെ സന്തുലിതമാക്കാനും ഭക്ഷണത്തോടൊപ്പം കഴിക്കുമ്പോൾ ദഹനക്കേട്, വയറു വീർക്കൽ എന്നിവ കുറയ്ക്കാനും സഹായിക്കുന്നു.
കൂടാതെ നാരങ്ങയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ പ്രതിരോധശേഷി മെച്ചപ്പെടുത്താനും ഊർജ്ജനില നൽകാനും സഹായിക്കും. കട്ടിയുള്ള നോൺവെജ്ജ് ഭക്ഷണങ്ങൾ കഴിച്ചാലും ക്ഷീണം തോന്നില്ല. നിർജ്ജലീകരണം തടയാനും ഇത് സഹായിക്കും.