പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടും പേ വിഷ ബാധയെ തുടർന്നാണ് മലപ്പുറത്ത് ആറു വയസുകാരി സിയ ഫാരിസ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ട് മണിക്ക് കോഴിക്കോട് മെഡിക്കൽ കോളേജിലായിരുന്നു സിയ ഫാരിസിന്റെ മരണം സംഭവിച്ചത്. തീവ്ര പരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്നു.
മാർച്ച് 29നാണു സിയ അടക്കം ആറ് പേരെ തെരുവുനായ ആക്രമിച്ചത്. കടിയേറ്റ് രണ്ട് മണിക്കൂറിനകം പ്രതിരോധ കുത്തിവയ്പ്പെടുത്തു. എല്ലാ ഡോസുകളും പൂർത്തിയാക്കിയെങ്കിലും ഒരാഴ്ച മുൻപു പനിയെ തുടർന്ന് ചികിത്സ തേടിയപ്പോഴാണ് സിയയ്ക്ക് പേ വിഷബാധ സ്ഥിരീകരിക്കുന്നത്. തലയിലെ പരിക്ക് ഗുരുതരവും ആഴത്തിലുള്ളതുമായതിനാലാണ് വാക്സിൻ ഫലപ്രദമാകാത്ത സാഹചര്യം ഉണ്ടായതെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
ഏകദേശം 20000 റാബിസ് മരണങ്ങളാണ് ഇന്ത്യയിൽ ഒരു വർഷം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇത് ലോകത്താകമാനമുള്ള റാബിസ് മരണങ്ങളുടെ 36 ശതമാനം വരും. ലോകത്തിലെ ഏറ്റവും മാരകമായ രോഗങ്ങളിൽ ഒന്നാണ് പേവിഷബാധ. റാബ്ഡോവിറിഡോ കുടുംബത്തിൽപെട്ട ആർഎൻഎ വൈറസാണ് പേ വിഷബാധയക്ക് കാരണമായ റാബിസ് വൈറസ്.
റാബിസ് മാരകമാകുന്നതെങ്ങനെ
മനുഷ്യരിലേക്ക് ഈ വൈറസ് മൃഗങ്ങളുടെ തുപ്പൽ വഴിയോ, അവ കടിക്കുമ്പോഴോ, മുറിവിൽ നക്കുമ്പോഴോ പ്രവേശിക്കാം. രോഗം പ്രധാനമായും ബാധിക്കുന്നത് തലച്ചോറിനെയാണ്. മുറിവിൽ നിന്ന് നാഡികൾ വഴി രോഗാണുക്കൾ തലച്ചോറിൽ എത്തുകയും അവിടെ വെച്ച് വൈറസ് പെരുകുകയും ചെയ്യുന്നു.
ഏകദേശം 20 മുതൽ 90 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകാം. ചിലപ്പോൾ രോഗലക്ഷണം പ്രകടമാകാൻ ഒരു വർഷം വരെ സമയമെടുത്തെന്നും വരാം. രോഗ ലക്ഷണങ്ങൾ പ്രകടമായാൽ പിന്നെ അസുഖം ചികിത്സിച്ചു ഭേദമാക്കുക പ്രയാസമാണ്. അങ്ങനെ രക്ഷപ്പെട്ടുള്ളവർ ലോകത്ത് തന്നെ ചുരുക്കമാണ്.
ലക്ഷണങ്ങൾ
സാധാരണ പനി ലക്ഷണങ്ങളായ ശരീരത്തിന് ചൂട്, തലവേദന, ക്ഷീണം, ഓക്കാനം, തുടങ്ങിയവയാണ് റാബിസിന്റെ പ്രാരംഭ ലക്ഷണം. കടിയേറ്റ ഭാഗത്ത് തരിപ്പ്, വേദന, ചൊറിച്ചിൽ എന്നിവയുണ്ടാകുന്നത് വൈറസ് ബാധ നാഡികളെ ബാധിക്കുന്നതിന്റെ സൂചനയാണ്.
ഏതൊക്കെ മൃഗങ്ങളിൽ നിന്ന് റാബിസ് പകരാം
90 ശതമാനം കേസുകളിലും രോഗം പടരുന്നത് നായകളിൽ നിന്നാണെന്നാണ് റിപ്പോർട്ടുകൾ. നായകൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മനുഷ്യരിൽ പേവിഷ ബാധയ്ക്ക് കാരണമാകുന്ന മറ്റൊരു മൃഗം പൂച്ചയാണ്. മരപ്പട്ടി, കുരങ്ങ്, വവ്വാൽ, അണ്ണാൻ എന്നീ ജീവികളുടെ കടിയേൽക്കുന്നതും അപകടമാണ്.
പ്രതിരോധം മൂന്ന് തരത്തിൽ
മൃഗങ്ങളെ തൊടുകയോ, ഭക്ഷണം നൽകുന്നതിനിടെ അവ മുറിവില്ലാത്ത തൊലിപ്പുറത്ത് നക്കുക തുടങ്ങിയ സാഹചര്യങ്ങളാണ് ഒന്നാമത്തെ കാറ്റഗറി. ഇത്തരം സാഹചര്യങ്ങളിൽ ഒഴുകുന്ന ടാപ്പ് വെള്ളത്തിൽ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകാം. പ്രതിരോധ മരുന്ന് വേണ്ട.
തൊലിപ്പുറത്ത് മാന്തുകയോ, പോറൽ ഉണ്ടാക്കുകയോ ചെയ്യുന്നതാണ് രണ്ടാമത്തെ കാറ്റഗറി. ഒഴുകുന്ന ടാപ്പ് വെള്ളത്തിൽ മുറിവു നന്നായി കഴുകണം. കൂടാതെ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കേണ്ടത് പ്രധാനമാണ്.
മുറിവിൽ നക്കുക, ആഴത്തിലുള്ള മുറിവുണ്ടാക്കുക, ചുണ്ടിലോ വായിലോ നാക്കിലോ നക്കുക തുടങ്ങിയ സാഹചര്യങ്ങളിൽ മുറിവ് നന്നായി ഒഴുകുന്ന വെള്ളത്തിൽ കഴുകിയ ശേഷം മുറിവിൽ ആന്റി റാബിസ് ഇമ്യൂണോഗ്ലോബുലിനും ഒപ്പം പ്രതിരോധ കുത്തിവെപ്പും ഉടൻ തുടങ്ങണം.
ശ്രദ്ധിക്കേണ്ട കാര്യം
കൈ കൊണ്ട് മുറിവിൽ സ്പർശിക്കുന്നത് ഒഴിവാക്കുക. കയ്യിൽ മുറിവുകൾ ഉണ്ടെങ്കിൽ വിഷബാധ പകരാൻ ഇത് കാരണമാകും.
കടിച്ച നായയ്ക്ക് വാക്സിൻ എടുത്തിട്ടുണ്ടെങ്കിലും അതിന്റെ ഇമ്യൂണിറ്റിയെ കുറിച്ച് ഉറപ്പില്ലാത്തതു കൊണ്ട് വാക്സിൽ തീർച്ചയായും എടുക്കണം.