പാകിസ്താൻ സർക്കാരിന്റെ എക്സ് അക്കൗണ്ട് ഇന്ത്യ മരവിപ്പിച്ചു. കേന്ദ്ര സർക്കാരിന്റെ ആവശ്യം അനുസരിച്ച് എക്സിന്റേതാണ് നടപടി. ഗവൺമെന്റ് ഓഫ് പാകിസ്താൻ എന്ന ടാഗിലുള്ള എല്ലാ അക്കൗണ്ടുകൾക്കും ഇന്ത്യയിൽ വിലക്കുണ്ട്.
സിന്ധു നദീജല കരാർ അനിശ്ചിതമായി നിർത്തിവയ്ക്കുന്നത് ഉൾപ്പെടെ പാകിസ്താനെതിരെ ശക്തമായ നടപടികളാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. ഇതിന് പിന്നാലെയാണ് എക്സ് അക്കൗണ്ടും കേന്ദ്രസർക്കാർ മരവിപ്പിച്ചത്.
പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ പാകിസ്താൻ ഹൈകമ്മീഷനിലെ സുരക്ഷ ഒഴിവാക്കാനും കേന്ദ്രസർക്കാർ നീക്കമുണ്ട്. ഹൈ കമ്മീഷന് മുന്നിലെ പൊലീസ് ബാരിക്കേടുകൾ നീക്കം ചെയ്തു. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷിയോഗം ഇന്ന് ചേരും. വിഷയം ചർച്ച ചെയ്യാന്‍ കോണ്‍ഗ്രസിന്റെ അടിയന്തര പ്രവർത്തകസമിതിയും ചേരുന്നുണ്ട്.
സിന്ധു നദീജല ഉടമ്പടി മരവിപ്പിക്കുക, പാക് പൗരന്മാര്ക്ക് നല്കിയ വിസ റദ്ദാക്കുക തുടങ്ങി പാകിസ്താനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിരുന്നു.