പഹൽഗാമിൽ കൊല്ലപ്പെട്ട കർണാടക സ്വദേശികളുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കർണാടക സർക്കാർ

പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കർണാടക സ്വദേശികളുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് കർണാടക സർക്കാർ. 10 ലക്ഷം രൂപയാണ് ധനസഹായം പ്രഖ്യാപിച്ചത്. കർണാടക സ്വദേശികളായ രണ്ട് പേരും ആന്ധ്ര സ്വദേശിയും ബെംഗളൂരുവിൽ സ്ഥിരതാമസക്കാരനുമായ ഒരാളുമാണ് കശ്മീരിലെ പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. ശിവമോഗ്ഗ വിജയനഗർ സ്വദേശി മഞ്ജുനാഥ റാവു, ബെംഗളൂരുവിലെ ബിസിനസുകാരൻ ഭരത് ഭൂഷൻ എന്നിവരാണ് കൊല്ലപ്പെട്ടത്. കുടുംബ സമേതം പഹൽഗാമിലെത്തിയ ഇവരെ ഭീകരർ ഉറ്റവരുടെ മുന്നിൽ വെച്ച് നിർദാക്ഷിണ്യം വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.

മഞ്ജുനാഥ് റാവുവും കുടുംബവും പഹൽഗാമിൽ ഇന്നലെ രാവിലെയാണ് എത്തിയത്. ഭാര്യക്കും മകനും മുന്നിൽ വെച്ചാണ് ശിവമൊഗ്ഗയിൽ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരനായ മഞ്ജുനാഥ റാവു വെടിയേറ്റ് വീണത്. ഭാര്യ പല്ലവി പൊട്ടിക്കരഞ്ഞുകൊണ്ട് തൻ്റെ അനുഭവം പറഞ്ഞത് രാജ്യം ഇന്നലെ ഞെട്ടലോടെയാണ് കേട്ടത്. ഭരത് ഭൂഷൻ കുടുംബത്തോടൊപ്പം നാല് ദിവസം മുൻപാണ് കാശ്മീരിലേക്ക് പോയത്. ഇന്നലെ തിരികെ മടങ്ങേണ്ടതായിരുന്നു. ബെംഗളൂരു ജാലഹള്ളിയിൽ ഒരു ഡയഗ്നോസ്റ്റിക് സെന്റർ നടത്തുകയായിരുന്നു ഭരത്. വിവരം അറിഞ്ഞ് ഭരതിന്റെ സഹോദരൻ പ്രീതം കാശ്മീരിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

ഭീകരാക്രമണ സമയത്ത് പ്രദേശത്ത് കർണാടകയിൽ നിന്ന് 12 പേരുണ്ടായിരുന്നു. പല സംഘങ്ങളായി എത്തിയവരാണ്. ബെംഗളുരു രാമമൂർത്തി നഗറിൽ താമസിക്കുന്ന മധുസൂദൻ റാവുവും വിനോദസഞ്ചാരിയായാണ് പഹൽഗാമിലെത്തിയത്. ആന്ധ്ര സ്വദേശിയായ ഇദ്ദേഹത്തെയും ഭീകരർ വെടിവച്ച് കൊലപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *