ഭീകരതയ്ക്ക് മുന്നില്‍ ഇന്ത്യ മുട്ടുമടക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നിഷ്ഠൂരമായ ഭീകരാക്രമണത്തിന്റെ കുറ്റവാളികളെ വെറുതെ വിടില്ലയെന്നും അമിത് ഷാ പറഞ്ഞു. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ശ്രീനഗര്‍ പൊലീസ് ആസ്ഥാനത്ത് കേന്ദ്രമന്ത്രി അമിത് ഷാ ആദരാഞ്ജലി അര്‍പ്പിച്ചു. തുടര്‍ന്ന് അമിത് ഷാ ആക്രമണം ഉണ്ടായ പഹല്‍ഗാം സന്ദര്‍ശിച്ചു. ദുരന്തത്തിന് ഇരയായവരുടെ കുടുംബാംഗങ്ങളെ അമിത് ഷാ കണ്ടു.
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് വൈകീട്ട് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ സുരക്ഷാകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി യോഗം ചേരും. മേഖലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തും. നിലവില്‍ കശ്മീരിലുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മന്ത്രിസഭാസമിതി യോഗത്തില്‍ പങ്കെടുത്തേക്കും. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയില്‍ തിരിച്ചെത്തിയത്.
ഭീകരാക്രമണത്തിന് പിന്നില്‍ പാക് ചാരസംഘടനയായ ഐഎസ്ഐക്ക് പങ്കുണ്ടെന്നാണ് ഇന്റലിജന്‍സ് ഏജന്‍സികളുടെ വിലയിരുത്തല്‍. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ദ റസിസ്റ്റന്റ് ഫ്രണ്ടിന്റെ പിന്നില്‍ പാക് ഭീകരസംഘടനയായ ലഷ്കര്‍ ഇ തയ്ബയും ഐഎസ്ഐയുമാണെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം. ലഷ്കര്‍ ആസൂത്രണം ചെയ്തു, ഐസിഐ പിന്തുണ നല്കി, ടി ആര് എഫ് നടപ്പാക്കി എന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം.