എ.ജയതിലക് അടുത്ത ചീഫ് സെക്രട്ടറി

എ.ജയതിലക് അടുത്ത ചീഫ് സെക്രട്ടറിയാകും. മന്ത്രിസഭാ യോഗത്തിന്‍റേതാണ് തീരുമാനം. ശാരദ മുരളീധരൻ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. 2026 ജൂൺ വരെയാണ് കാലാവധി. 1991 ബാച്ച് ഉദ്യോഗസ്ഥനും ധനവകുപ്പിൽ അഡീഷനൽ ചീഫ് സെക്രട്ടറിയുമാണ് ജയതിലക്. കേരള കേഡറിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ മനോജ് ജോഷി സംസ്ഥാനത്തേക്ക് മടങ്ങി വരാൻ വിസമ്മതിച്ചതോടെയാണ് ചീഫ് സെക്രട്ടറി പദവി എ ജയതിലകിലേക്ക് എത്തിച്ചേർന്നത്. ഐഎഎസ് തലപ്പത്തെ പോര് രൂക്ഷമായിരിക്കുന്നതിനിടയിലാണ് എ.ജയതിലക് ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്.

1990 ഐഎഎസ് ബാച്ചിലെ ശാരദാ മുരളീധരന്‍റെ പിൻഗാമിയായി സംസ്ഥാനത്തെ ഉദ്യോഗസ്ഥ തലപ്പത്തേക്ക് എത്തുകയാണ് 91 ബാച്ചിലെ ജയതിലക് . തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് ബിരുദവും ഐഐഎമ്മിൽ നിന്ന് പിജി സർട്ടിഫിക്കറ്റ് കോഴ്സ് പൂർത്തിയാക്കിയിട്ടുണ്ട് ജയതിലക്. ഐഎഎസുകാരൻ എന്ന കരിയർ തുടങ്ങിയത് മാനന്തവാടി സബ് കലക്ടറായി.കോഴിക്കോടും കൊല്ലത്തും ജില്ലാ കലക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ധനകാര്യ ചീഫ് സെക്രട്ടറിയായ ജയതിലക് സംസ്ഥാനത്തെ രണ്ടാമത്തെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനാണ്.

കേരള കേഡറിലെ മുതിർന്ന ഉദ്യോഗസ്ഥനായ മനോജ് ജോഷി 2020 മുതൽ കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. നിലവിൽ ഗ്രാമ വികസന മന്ത്രാലയത്തിൽ ഭൂവിഭവ സെക്രട്ടറിയാണ് മനോജ് ജോഷി. കേരളത്തിലേക്ക് തിരികെ വരാൻ അദ്ദേഹം താൽപര്യം പ്രകടിപ്പിക്കാത്തത് കൊണ്ടാണ് ജയതിലകിന് സംസ്ഥാനത്തെ അമ്പതാമത് ചീഫ് സെക്രട്ടറി പദവി ലഭിച്ചത്. എൻ. പ്രശാന്ത് അടക്കമുള്ളവർ ജയതിലകിനെതിരെ വലിയ വിമർശനങ്ങൾ ഉയർത്തുന്നതിനിടയിലാണ് ചീഫ് സെക്രട്ടറി പദവിയിലേക്ക് അദ്ദേഹം എത്തിച്ചേരുന്നത്. ഇതോടെ ഐഎഎസ് തലപ്പത്തെപ്പോര് രൂക്ഷമാകുമോ എന്ന് കാത്തിരുന്നു കാണണം. 2026 ജൂൺ വരെയാണ് ജയതിലകിന് കാലാവധി ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *