ജമ്മു കശ്മീരിലെ തെക്കൻ കശ്മീരിലെ പ്രശസ്ത ടൂറിസം കേന്ദ്രമായ പെഹൽഗാമിൽ ഭീകരാക്രമണം. ബൈസാറിൻ മലമുകളിൽ ട്രെക്കിംഗിന് പോയ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടാണ് ഭീകരർ വെടിയുതിർത്തത്. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ആദ്യം ലഭിച്ച വിവരമനുസരിച്ച്, രണ്ടുപേർക്കാണ് ഭീകരരുടെ വെടിയേറ്റത്. കൂട്ടത്തിലുണ്ടായിരുന്ന പുരുഷന്റെ തലയ്ക്കാണ് വെടിയേറ്റത്. ഇയാളുടെ ഭാര്യ തന്നെയാണ് പൊലീസ് കൺട്രോൾ റൂമിലേക്ക് വിവരം അറിയിച്ചത്.
ആക്രമണത്തിനുശേഷം ഭീകരർ സ്ഥലത്തു നിന്ന് രക്ഷപെടുകയായിരുന്നു. സംഭവസ്ഥലത്ത് സൈന്യവും പൊലീസും എത്തി തിരച്ചിൽ ആരംഭിച്ചു. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.
പ്രദേശത്ത് വലിയ തോതിൽ സുരക്ഷാ സന്നാഹം വിന്യസിച്ചിരിക്കുകയാണ്. ആക്രമണത്തെ തുടർന്ന് സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കർശന ജാഗ്രതാ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.