ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി. ഗുരുവായൂർ ക്ഷേത്രത്തിൽ ഹൈക്കോടതി ഉത്തരവ് ലംഘിച്ച വീഡിയോ ചിത്രീകരിച്ചതിനെതിരെയാണ് പരാതി. കെപിസിസി മീഡിയ പാനലിസ്റ്റ് വി. ആർ അനൂപാണ് പരാതി നൽകിയത്. ഗുരുവായൂർ ടെമ്പിൾ പോലീസിലാണ് പരാതി നൽകിയത്. നടപ്പന്തലിലും ദീപസ്തംഭത്തിന് മുമ്പിൽ നിന്നുമുള്ള വീഡിയോ ചിത്രീകരിച്ചാണ് രാജീവ് ചന്ദ്രശേഖർ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. വിവാഹങ്ങൾക്കും ആചാരപരമായ കാര്യങ്ങൾക്കും മാത്രം നടപ്പന്തലിൽ വീഡിയോ ചിത്രീകരിക്കാം എന്നായിരുന്നു ഹൈക്കോടതി വിധി. എന്നാല്‍ ഇത് ലംഘിച്ചായിരുന്നു രാജീവ് ചന്ദ്രശേഖറിന്‍റെ റീല്‍സ് ചിത്രീകരണം. നേരത്തെ നടപ്പന്തലിൽ കേക്ക് മുറിച്ച് റീൽസ് ചിത്രീകരിച്ച ജസ്‌ന സലീമിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. ഇതിനെതിരെ നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ വിധി. സെലിബ്രിറ്റികളോ വ്‌ളോഗർമാരോ നടപ്പന്തലിൽ നിന്ന് വീഡിയോ ചിത്രീകരിക്കുകയോ സാമൂഹ്യമാധ്യമങ്ങളിലോ പങ്കുവെക്കരുതെന്നായിരുന്നു വിധി.
ഗുരുവായൂർ അമ്പലത്തിലെ റീൽസ് ചിത്രീകരണം; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി
