മകന്റെ മരണത്തിൽ ഉത്തരം കിട്ടാതെ വിജയകുമാറും മീരയും യാത്രയായി

മകൻ ഗൗതമിന്റെ മരണത്തിൽ ഉത്തരം കിട്ടാതെയാണ് കോട്ടയം തിരുവാതുക്കലിലെ വ്യവസായി വിജയകുമാറും ഭാര്യ മീരയും കൊല്ലപ്പെട്ടത്.
2017 ജൂൺ മൂന്നിനാണ് ഗൗതമിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നഗരത്തിലെ കാരിത്താസ് ആശുപത്രിക്ക് സമീപമുള്ള റെയിൽവേ ക്രോസിൽ ദേഹമാസകലം മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. ജൂൺ രണ്ടിന് രാത്രി സുഹൃത്തിനെ കാണാനെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയതായിരുന്നു. കഴുത്തിലും നെഞ്ചിലും ആഴത്തിൽ മുറിവേറ്റായിരുന്നു ഗൗതമിന്റെ മരണം.

എന്നാൽ, ഗൗതമിന്റെ മരണം ആത്മഹത്യ എന്നായിരുന്നു ലോക്കൽ പൊലീസും ക്രംബ്രാഞ്ചും കണ്ടെത്തിയത്. എന്നാൽ മകന്റെ ശരീരത്തിൽ കണ്ട മുറിവുകൾ കൊലപാതക സാധ്യത ഉണ്ടെന്നു കാണിച്ചു വിജയകുമാർ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.

വിജയകുമാറിന്റെ സംശയങ്ങൾ ശരിവെച്ച ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. ഹൈക്കോടതി നിർദേശപ്രകാരം തിരുവനന്തപുരം സിബിഐ യൂണിറ്റ് കഴിഞ്ഞ മാസം 21 നാണ് ഗൗതമിന്റെ മരണത്തിൽ എഫ്‌ഐആർ ഇട്ടത്.

കേസിൽ സിബിഐ അന്വേഷണം തുടങ്ങി കൃത്യം ഒരു മാസം പിന്നിടുമ്പോഴാണ് വിജയകുമാറിന്റെയും ഭാര്യയുടെയും കൊലപാതകം. മകന്റെ മരണത്തിന് കാരണമെന്താണെന്ന് അറിയാനുള്ള പോരാട്ടം തുടരുന്നതിനിടെയാണ് വിജയകുമാവും മീരയും ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടത്.മകന്റെ മരണവും ഇരുവരുടെയും കൊലപാതകവും തമ്മിൽ ബന്ധമില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *