കള്ളപ്പണം വെളുപ്പിക്കൽ കേസ്; നടൻ മഹേഷ് ബാബുവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

നടൻ മഹേഷ് ബാബുവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഹൈദരാബാദ് ആസ്ഥാനമായുള്ള റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളായ സായ് സൂര്യ ഡെവലപ്പേഴ്‌സും സുരാന ഗ്രൂപ്പും ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് ഇ.ഡി മഹേഷ് ബാബുവിന് നോട്ടീസ് അയച്ചിരിക്കുന്നത്. ഏപ്രിൽ 27 ന് ഹാജരാകണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. ഈ സ്ഥാപനങ്ങൾ നടത്തുന്ന റിയൽ എസ്റ്റേറ്റ് പ്രോജക്ടുകൾ പ്രോത്സാഹിപ്പിച്ചെന്നാരോപിച്ചാണ് നടപടി.

സായ് സൂര്യ ഡെവലപ്പേഴ്‌സ് മഹേഷ് ബാബുവിന് 5.9 കോടി രൂപ നൽകിയതായി ഇ.ഡി വൃത്തങ്ങൾ പറയുന്നു. ഔദ്യോഗിക ബാങ്കിങ് മാർഗങ്ങൾ വഴി 3.4 കോടി രൂപയും പണമായി 2.5 കോടി രൂപയും നൽകിയെന്നാണ് റിപ്പോർട്ട്. റിയൽ എസ്റ്റേറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ നിന്നുള്ള വരുമാനത്തിന്റെ ഭാഗമാകാം ഈ പണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു. ഇ.ഡി നടത്തിയ റെയ്ഡുകളിൽ സുരാന ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിൽ നിന്ന് 74.5 ലക്ഷം രൂപ ഉൾപ്പെടെ ഏകദേശം 100 കോടി രൂപയുടെ കണക്കിൽപ്പെടാത്ത പണമിടപാടുകളും കുറ്റകരമായ രേഖകളും പിടിച്ചെടുത്തിരുന്നു.

ഭാഗ്യനഗർ പ്രോപ്പർട്ടീസ് ലിമിറ്റഡ് ഡയറക്ടർ നരേന്ദ്ര സുരാന, സായ് സൂര്യ ഡെവലപ്പേഴ്‌സ് ഉടമ കെ. സതീഷ് ചന്ദ്ര എന്നിവർക്കെതിരെ തെലങ്കാന പൊലീസ് സമർപ്പിച്ച ഒന്നിലധികം എഫ്‌.ഐ.ആറുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. പ്ലോട്ടുകൾക്കായി വലിയ തുകകൾ മുൻകൂർ പണം പിരിച്ച് വീട് വാങ്ങുന്നവരെ കബളിപ്പിച്ചുവെന്നാണ് ഇവർക്കെതിരെയുള്ള കുറ്റം. അനധികൃത ഭൂമി ലേഔട്ടുകൾ, ഒരേ പ്ലോട്ടുകൾ ഒന്നിലധികം പേർക്ക് വിൽക്കൽ, ശരിയായ കരാറുകളില്ലാതെ പണമടക്കൽ സ്വീകരിക്കൽ, പ്ലോട്ട് രജിസ്ട്രേഷനുകളെക്കുറിച്ച് തെറ്റായ വാഗ്ദാനങ്ങൾ നൽകൽ എന്നിവ പ്രതികൾ ആസൂത്രണം ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *