മുനമ്പം ഭൂമി സർക്കാർ ഏറ്റെടുത്ത് താമസക്കാർക്ക് പതിച്ചു കൊടുക്കണമെന്ന് ഹുസൈൻ മടവൂർ

മുനമ്പം ഭൂമി സർക്കാർ ഏറ്റെടുത്ത് മുനമ്പത്തെ താമസക്കാർക്ക് പതിച്ചുകൊടുക്കണമെന്ന വഖഫ് ബോർഡിലെ ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശം നടപ്പാക്കണമെന്ന് വഖഫ് ബോർഡ് മുൻ അംഗവും പേഴ്സണൽ ലോ ബോർഡ് അംഗവുമായ ഡോ.ഹുസൈൻ മടവൂർ പറഞ്ഞു. ഭൂമി സർക്കാർ ഏറ്റെടുത്ത് പതിച്ചു നൽകണമെന്നത് നിയമപരവും പ്രായോഗികവുമായ നിർദേശമാണ്. സർക്കാർ നിയമവിദഗ്ധരുടെയും സമുദായ നേതാക്കളുടെയും യോഗം വിളിച്ച് ചർച്ച ചെയ്യണമെന്നും ഹുസൈൻ മടവൂർ പറഞ്ഞു. മുനമ്പത്തെ ഭൂമി പൊതു ആവശ്യത്തിനായി സർക്കാർ ഏറ്റെടുത്ത് കൈവശക്കാർക്ക് പതിച്ചുകൊടുക്കണമെന്നാണ് നിർദേശം. വഖഫ് നിയമത്തിലെ 51ാം വകുപ്പ് പ്രകാരം ഭൂമിയേറ്റെടുക്കാം. പകരം തുല്യ അളവിൽ വഖഫിന് ഭൂമി നൽകിയാൽ മതി. ഈ സാധ്യത ഉപയോഗപ്പെടുത്തി മുനമ്പത്തെ ഭൂമി സർക്കാർ ഏറ്റെടുക്കണം. പകരം ഭൂമി ഫാറൂഖ് കോളജിന് മറ്റെവിടെയെങ്കിലും നൽകിയാൽ ആ കൈമാറ്റം നിയമപരമായി മാറും. ഇതാണ് ഉദ്യോഗസ്ഥ നിർദേശത്തിന്റെ കാതല്‍. മന്ത്രി വി. അബ്ദുറഹ്മാന് മുമ്പാകെയാണ് ഉദ്യോ​ഗസ്ഥർ പരിഹാര നിർദേശങ്ങൾ മുന്നോട്ടുവച്ചത്.

ഇങ്ങനെ ഭൂമി ഏറ്റെടുക്കുന്നതോടെ മുനമ്പത്തെ ഭൂമിയില്‍ സർക്കാരിന് പൂർണ അധികാരം ലഭിക്കും. പണം നൽകി രേഖാമൂലം ഭൂമി വാങ്ങിയ മുനമ്പത്തുകാർക്ക് ഈ സ്ഥലം പതിച്ചു നൽകാം. അങ്ങനെ മുനമ്പത്തെ നിലവിലെ താമസക്കാർക്ക് അവിടെത്തന്നെ പൂർണ അവകാശങ്ങളോടെ താമസിക്കാം. വഖഫ് ഭൂമി അന്യാധീനപ്പെടുത്തിയെന്ന പ്രശ്നത്തെ മറികടക്കാനും ഇതിലൂടെ കഴിയും. രേഖകളില്ലാതെ ഭൂമി കൈവശം വച്ചവരില്‍ നിന്ന് വില ഈടാക്കിയും ഭൂമി നൽകാം. ജനവിഭാഗങ്ങള്‍ തമ്മിലെ സ്പർധ ഒഴിവാക്കാന്‍ ഈ നിർദേശങ്ങൾ പരിഗണിക്കണമെന്ന അപേക്ഷയോടെയാണ് ഉദ്യോഗസ്ഥർ ഇക്കാര്യങ്ങൾ മന്ത്രിക്കു മുന്നില്‍ സമർപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *